പ്രഭാസിന്‍റെ വഴിയേ മഹേഷ് ബാബുവും? ക്യാമറയ്ക്ക് മുന്നില്‍ ആ തീരുമാനമെടുത്ത് താരം

Published : Jul 16, 2025, 10:47 PM IST
mahesh babu ditches body double for ssmb 29 to be directed by ss rajamouli

Synopsis

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്

ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഇന്ന് ഒരേപോലെ ശ്രദ്ധിക്കുന്ന സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി ഫ്രാഞ്ചൈസി അദ്ദേഹത്തിന് നേടിക്കൊടുത്ത ശ്രദ്ധയാണ് അത്. ബാഹുബലി ഫ്രാഞ്ചൈസിക്കും ആര്‍ആര്‍ആറിനും പിന്നാലെ രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. തന്‍റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് രാജമൗലി തയ്യാറാക്കുന്നത്. 1000 കോടിയാണ് ചിത്രത്തിന്‍റെ പറയപ്പെടുന്ന ബജറ്റ്. നായകന്‍ തെലുങ്കില്‍ ഏറെ ആരാധകരുള്ള സൂപ്പര്‍താരം മഹേഷ് ബാബുവും. ഏത് താരവും പെര്‍ഫെക്ഷനിസ്റ്റും വിഷനറിയുമായ രാജമൗലിയുടെ ഫ്രെയ്മിലേക്ക് എത്തുമ്പോള്‍ എന്ത് വിട്ടുവീഴ്ചകള്‍ക്കും തയ്യാറാവും. ഇപ്പോഴിതാ എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിനായി മഹേഷ് ബാബു എടുത്തിരിക്കുന്ന തീരുമാനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഡ്യൂപ്പിനെ പരമാവധി ഒഴിവാക്കിനിര്‍ത്താനാണ് മഹേഷ് ബാബുവിന്‍റെ തീരുമാനമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നു. രാജമൗലിയുടെ മുന്‍ നായകന്മാരായ പ്രഭാസും രാം ചരണുമൊക്കെ തങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ പരമാവധി സ്വയം ചെയ്തിരുന്നവരാണ്. ആക്ഷന്‍ രംഗങ്ങള്‍ക്കും ചിത്രത്തിന് മൊത്തത്തിലും പരമാവധി റിയലിസം കൊണ്ടുവരാനുള്ള രാജമൗലിയുടെ വിഷനോടൊപ്പം നില്‍ക്കാനുള്ള മഹേഷ് ബാബുവിന്‍റെ തീരുമാനമാണ് ഇതെന്നാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ മഹേഷ് ബാബുവിന്‍റെ ഒരു സോളോ ഡാന്‍സ് നമ്പറും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു വലിയ മാര്‍ക്കറ്റിന്‍റെ മാതൃകയില്‍ ഹൈദരാബാദില്‍ ഇടുന്ന കൂറ്റന്‍ സെറ്റില്‍ ആയിരിക്കും ഈ ഗാനരംഗത്തിന്‍റെ ചിത്രീകരണം. ഹനുമാനില്‍ നിന്നും ഇന്ത്യാന ജോണ്‍സില്‍ നിന്നുമൊക്കെ പ്രചോദിതമായ ഒരു ജംഗിള്‍ അഡ്വഞ്ചര്‍ ത്രില്ലര്‍ ആണ് ചിത്രമെന്നാണ് കരുതപ്പെടുന്നത്. താടി നീട്ടി, ചുരുണ്ട മുടിയുമായി ആവും മഹേഷ് ബാബു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. പ്രിയങ്ക ചോപ്രയും പൃഥ്വിരാജ് സുകുമാരനുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതിനോടകം ഹൈദരാബാദിലും ഒഡിഷയിലും ചിത്രീകരിച്ച രാജമൗലിയും സംഘവും അടുത്ത ഷെഡ്യൂള്‍ ചിത്രീകരിക്കുക കെനിയയില്‍ ആയിരിക്കും. എന്നാല്‍ പ്രദേശത്തെ സംഘര്‍ഷാവസ്ഥ കാരണം ഷെഡ്യൂള്‍ നീളുകയാണെന്നാണ് പുതിയ വിവരം. സംഘര്‍ഷാവസ്ഥ നീണ്ടാല്‍ ടാന്‍സാനിയയിലോ സൗത്ത് ആഫ്രിക്കയിലോ തുടര്‍ന്ന് ചിത്രീകരണം നടത്താനായി രാജമൗലിയും സംഘവും ലൊക്കേഷന്‍ നോക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?