'മഹേഷ് ഭാവന' തെലുങ്കിലെത്തുമ്പോള്‍ 'ഉമാ മഹേശ്വര റാവു'; ഫഹദിന് പകരം സത്യദേവ്

By Web TeamFirst Published Dec 26, 2019, 10:50 PM IST
Highlights

മലയാളം പതിപ്പില്‍ 'ഫഹദ്' അവതരിപ്പിച്ച 'മഹേഷ്' എന്ന കഥാപാത്രം തെലുങ്കില്‍ എത്തുമ്പോള്‍ 'ഉമാ മഹേശ്വര റാവു' എന്നാണ് പേര്. സത്യ ദേവ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 

2016ല്‍ പുറത്തെത്തി മലയാളത്തിലെ ട്രെന്‍ഡ് സെറ്ററായ 'മഹേഷിന്റെ പ്രതികാരം' തെലുങ്കില്‍ റീമേക്ക് ചെയ്യപ്പെടുന്നു. 'ഉമാ മഹേശ്വര ഉഗ്ര രൂപസ്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കടേഷ് മഹയാണ്. 'ബാഹുബലി' നിര്‍മ്മിച്ച അര്‍ക മീഡിയ വര്‍ക്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാണം മഹായാന മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിജയ പ്രവീണ പരുച്ചുരി.

മലയാളം പതിപ്പില്‍ 'ഫഹദ്' അവതരിപ്പിച്ച 'മഹേഷ്' എന്ന കഥാപാത്രം തെലുങ്കില്‍ എത്തുമ്പോള്‍ 'ഉമാ മഹേശ്വര റാവു' എന്നാണ് പേര്. സത്യ ദേവ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായക കഥാപാത്രത്തിന്റെ സ്റ്റുഡിയോയുടെ പേര് മലയാളത്തില്‍ 'ഭാവന സ്റ്റുഡിയോ' എന്നായിരുന്നെങ്കില്‍ 'കോമാളി സ്റ്റുഡിയോ' എന്നാണ് തെലുങ്ക് റീമേക്കിലെ പേര്. ഇടുക്കിക്ക് പകരം അരക് വാലിയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

സുഹാസ്, ജബ്ബര്‍ദസ്ത് റാംപ്രസാദ്, ടിഎന്‍ആര്‍, രവീന്ദ്ര വിജയ്, കെ രാഘവന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സംഗീതം ബിജിബാല്‍ തന്നെയാണ്. ഛായാഗ്രഹണം അപ്പു പ്രഭാകര്‍. ചിത്രം ഏപ്രില്‍ 17ന് തീയേറ്ററുകളിലെത്തും. നിമിര്‍ എന്ന പേരില്‍ 'മഹേഷിന്റെ പ്രതികാര'ത്തിന്റെ തമിഴ് റീമേക്ക് 2018ല്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്തത്. 

click me!