
ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങൾ മുൻനിർത്തി പുതിയ ചിത്രവുമായി സംവിധായകൻ മേജർ രവി. 'പഹൽഗാം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂജ മൂകാംബികാ ക്ഷേത്രത്തിൽ വെച്ച് നടന്നു. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രം, മേജർ രവിയും നിർമ്മാതാവ് അനൂപ് മോഹനും ചേർന്നാണ് നിർമ്മിക്കുന്നത്.
മലയാള ചലച്ചിത്രലോകത്തിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ജ്യോതിഷ പണ്ഡിതൻ ജിതേഷ് പണിക്കർ, സംവിധായകൻ ജയറാം കൈലാസ് ചിത്രത്തിനും അണിയറപ്രവർത്തകർക്കും ആശംസകൾ നേർന്നു. ഇന്ത്യയുടെ സ്വന്തം സൈനികരുടെ ദേശസ്നേഹം, ത്യാഗം, വികാരം, ആക്ഷൻ, കരുത്ത് എന്നിവ മുൻനിർത്തിയാണ് അണിയറയിൽ ചിത്രം ഒരുങ്ങുന്നത്. പാൻ-ഇന്ത്യ റിലീസ് ആയി ഒരുങ്ങുന്ന ചിത്രം ഒന്നിലധികം ഭാഷകളിലേക്ക് ഡബ് ചെയ്യാനുള്ള പദ്ധതിയും ടീമിന് ഉണ്ട്. സ്‌ക്രിപ്റ്റ് പൂജ പൂർത്തിയായതോടെ, ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
“മേജർ രവിയോടൊപ്പം ഈ യാത്ര ആരംഭിക്കുന്നതിൽ ഞങ്ങൾ അതിയായ സന്തോഷത്തിലാണെന്നും സിനിമയുടെ കഥ അത്യന്തം ശക്തമായതാണെന്നും പഹൽഗാം പ്രേക്ഷകർക്ക് എല്ലാ ഭാഷകളിലും ആഴത്തിൽ ബന്ധപ്പെടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും നിർമ്മാതാവ് അനൂപ് മോഹൻ പറഞ്ഞു.
'കീർത്തിചക്ര' ഉള്‍പ്പെടെയുള്ള ഒട്ടേറെ ദേശസ്നേഹ സിനിമകളിലൂടെ ശ്രദ്ധേയനായ മേജർ രവി തന്‍റെ അതുല്യമായ യാഥാർത്ഥ്യബോധവും സിനിമാറ്റിക് കാഴ്ചപ്പാടും 'പഹൽഗാം' മുഖേന വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാനൊരുങ്ങുകയാണ്. ഓപ്പറേഷൻ സിന്ദൂറും ഓപ്പറേഷൻ മഹാദേവും പ്രചോദനമാക്കി എത്തുന്ന ചിത്രം അതിശക്തമായ ആക്ഷനും വികാരഭരിതമായ കഥയും ചേർന്ന ഒരു ദൃശ്യാനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിംഗ്: ഡോൺ മാക്സ്, സംഗീതം: ഹർഷവർധൻ രമേശ്വർ, പ്രൊഡക്ഷൻ ഡിസൈൻ: വിനീഷ് ബംഗ്ലാൻ, മേക്കപ്പ്: റോണെക്സ് സേവ്യർ, ആക്ഷൻ ഡയറക്ഷൻ: കേച ഖംഫഖ്ഡീ, സെക്കൻഡ് യൂണിറ്റ് ക്യാമറ: അർജുൻ രവി, പിആർഒ ആതിര ദിൽജിത്ത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ