
അമ്പരപ്പിക്കുന്ന മേക്കിങ്ങും കഥയും കൊണ്ട് സിനിമാസ്വാദകരെ തിയറ്ററുകളിൽ പിടിച്ചിരുത്തിയ ചിത്രമാണ് 'കാന്താര'. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകനായി എത്തിയത്. സെപ്റ്റംബര്‍ 30നായിരുന്നു ചിത്രത്തിന്റെ ഒറിജിനൽ കന്നഡ പതിപ്പ് പുറത്തിറങ്ങിയത്. ആദ്യദിനം മുതൽ കന്നഡ പ്രേക്ഷകരിൽ ആവേശം നിറച്ച ചിത്രം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് നൂറ് കോടി ക്ലബ്ബിലെത്തിത്. പിന്നാലെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും തിയറ്ററുകളിൽ എത്തി. ഇതര ഭാഷകളിലെ ബോക്സ് ഓഫീസുകളിലും ചിത്രം മിന്നും പ്രകടനം കാഴ്ചവച്ചു. സമീപകാലത്ത് പരാജയങ്ങൾ മാത്രം നേരിടുന്ന ബോളിവുഡിനെയും ഈ തെന്നിന്ത്യൻ ചിത്രം അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്.
കാന്താര നവംബർ നാലിന് ഒടിടിയിൽ സ്ട്രീമിംഗ് ചെയ്യുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. നവംബർ നാലിന് ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുന്നില്ലെന്നും എന്നാൽ, ഔദ്യോഗിക തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയോട് ആയിരുന്നു നിർമ്മാതാക്കളുടെ പ്രതികരണം.
പരമ്പരാഗത നൃത്തമായ ഭൂത കോലത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ആക്ഷൻ ത്രില്ലറാണ് 'കാന്താര'. ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് കാന്താര കാഴ്ചവയ്ക്കുന്നത്. ഹിന്ദിയിലടക്കം വിസ്‍മയിപ്പിക്കുന്ന കളക്ഷനാണ് 'കാന്താര' സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം ആഗോളതലത്തില്‍ 200 കോടിയിലധികം ചിത്രം സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താര നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.