അജനീഷ് ലോകേഷ് സംഗീതം നൽകിയ ​ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നാണ് ഉയരുന്ന ആരോപണം.

മീപകാലത്ത് തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് 'കാന്താര'. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഭാഷാഭേദമെന്യെ എല്ലാ സിനിമാസ്വാദകരും ഏറ്റെടുത്തു. ചിത്രത്തിന്റെ ഒർജിനൽ കന്നഡ പതിപ്പ് ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിലും ഇടം നേടി. പിന്നാലെയാണ് തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളും പ്രദർശനത്തിനെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത മലയാളം പതിപ്പ് കേരളക്കരയിലും തരം​ഗം തീർക്കുകയാണ്. ഇതിനിടെയാണ് ചിത്രത്തിലെ ഹൈലൈറ്റുകളിൽ ഒന്നായ 'വരാഹ രൂപം', എന്ന ​ഗാനത്തിനെതിരെ കോപ്പിയടി ആരോപണം ഉയരുന്നത്. അജനീഷ് ലോകേഷ് സംഗീതം നൽകിയ ​ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നാണ് ഉയരുന്ന ആരോപണം. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് തങ്ങളുടെ ഭാ​ഗം വിശദീകരിക്കുകയാണ് തൈക്കുടം ബ്രിഡ്ജ്. 

"ഞങ്ങളുടെ നവരസം പാട്ടാണ് വരാഹ രൂപത്തിന് പ്രചോദനം. അവർ ചെയ്തു വന്നവസാനം നവരസത്തിലോട്ട് എന്റ് ചെയ്തതാണ്. പക്ഷേ ഞങ്ങളോട് അത് പറയുകയോ ലൈസൻസ് ചോദിക്കുകയോ ക്രെഡിറ്റ് തരികയോ ചെയ്യാതെയാണ് പാട്ട് റിലീസ് ചെയ്തത്. ഇതിനെതിരെ ഒരുപാട് പേർ രം​ഗത്തെത്തിയിട്ടും കാന്താരയുടെ ഓഫീഷ്യൽ പേജിനകത്തുപോലും നമുക്ക് ക്രെഡിറ്റ് തന്നിട്ടില്ല. ഞങ്ങളുടെ നവരസം പ്രചോദനമാണെന്ന് പോലും അജനീഷ് ലോകേഷ് പറഞ്ഞിട്ടില്ല. കന്നഡ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അത് റിജക്ട് ചെയ്തിട്ടുണ്ട്. ഇത്രയൊക്കെ ഞങ്ങളുടെ കണ്ടന്റ് എടുത്തിട്ടും നമുക്ക് ക്രെഡിറ്റും തന്നിട്ടില്ല, അല്ലാന്നും പറഞ്ഞു. ഇത് നവരസം തന്നെയാണല്ലോ ഇതിനകത്ത് എന്താണ് വ്യത്യാസം എന്ന് ചോദിച്ച് ഒരുപാട് ​സം​ഗീതജ്ഞരും ഞങ്ങളെ സമീപിക്കുന്നുണ്ട്. നമ്മൾ റൈറ്റ്സ് കൊടുത്തിട്ടാണ് അവർ പാട്ടിറക്കിയതെന്നാണ് എല്ലാവരും വിചാരിച്ചത്. കാന്താരയുടെ പിന്നണി പ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ ഇത് ഒത്തുതീര്‍പ്പാക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. നിലവിൽ ഞങ്ങളുടെ അഭിഭാഷകരാണ് അവരോട് സംസാരിക്കുന്നത്. ഞങ്ങൾ ഒത്തിരി കഷ്ടപ്പെട്ടാണല്ലോ ആ ​ഗാനം പുറത്തുവിട്ടത്. അത് ആർക്കും ഫ്രീ ആയി കൊടുക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഞങ്ങൾക്ക് ക്രെഡിറ്റും നഷ്ടപരിഹാരവും തന്നേപറ്റൂ. ക്രെഡിറ്റ് ആണ് ഞങ്ങളുടെ ആദ്യ ആവശ്യം", എന്ന് തൈക്കുടം ബ്രിഡ്ജ് പറയുന്നു. 

2016ല്‍ തൈക്കൂടം ബ്രിഡ്ജ് പുറത്തിറക്കിയ 9 പാട്ടുകളുള്ള ആല്‍ബത്തിന്‍റെ ടൈറ്റില്‍ ട്രാക്കായിരുന്നു നവരസം. അന്യം നിന്നു പോയ കഥകളിയുടെ ഒരു റപ്രസന്‍റേഷനായിരുന്നു ആ പാട്ട്. കമൽഹാസൻ സാറും രജനീകാന്ത് സാറുമൊക്കെ പണ്ട് ഈ പാട്ട് ട്വീറ്റ് ചെയ്തിരുന്നു. പക്ഷേ അതൊരു സിനിമാ പാട്ട് അല്ലാത്തത് കൊണ്ട് അതിന്റേതായ റീച്ച് മാത്രമെ കിട്ടിയിട്ടുള്ളൂ. ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഭാ​ഗമായത് കൊണ്ടാണ് ഞങ്ങളുടെ പാട്ട് ഇത്രയും വൈറലായതെന്നും ബാൻഡ് പറയുന്നു. മുൻപും തങ്ങളുടെ പാട്ടുകൾ സിനിമകളിലും സീരിസുകളും എടുത്തിട്ടുണ്ട്. അതെല്ലാം തന്നെ പ്രോപ്പറായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നു. പ്രത്യേകിച്ച് 'ഫാമിലി മാൻ' പോലുള്ള സീരീസുകളെന്നും തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കി.

Kantara - Varaha Roopam(Lyric Video)| Sai Vignesh | Rishab Shetty | Ajaneesh Loknath | Hombale Films

അതേസമയം, തൈക്കുടം ബ്രിഡ്ജിനെതിരെയും ചിലര്‍ രംഗത്തെത്തുണ്ട്. ഏറെ നാളായി ബാന്‍ഡിനെ കാണാനില്ലെന്നും ഒരവസരം കിട്ടിയപ്പോള്‍ വെറുതെ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രദ്ധനേടുകയാണെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളില്‍ ഒന്നും പറയാനില്ലെന്നാണ് ബാന്‍ഡിന്‍റെ പക്ഷം. "ഞങ്ങൾക്കെതിരെ വരുന്ന വിമർശന കമന്റുകളെ കുറിച്ച് ഒന്നും പറയാനില്ല. കാരണം ഞങ്ങൾക്ക് ഞങ്ങളുടെ കുട്ടിയെ കണ്ടാൽ അറിയാമല്ലോ. നാട്ടുകാരല്ലല്ലോ നമ്മുടെ കുട്ടിയാണോ അല്ലയോ എന്ന് പറയേണ്ടത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്" എന്നും തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കി. 

കാന്താരയിലെ ‘വരാഹ രൂപം’ കോപ്പിയടി ആരോപണം; നിയമ നടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്