
മോഹന്‍ലാലിന്‍റെയോ ലിജോ ജോസ് പെല്ലിശ്ശേരിയുടെയോ ആരാധകര്‍ മാത്രമല്ല, മലയാള സിനിമാപ്രേമികളില്‍ ആകമാനം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ഈ രണ്ട് പ്രതിഭകള്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ അതിന് കാരണം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പാക്കപ്പ് ആയത്. പാക്കപ്പ് പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു ലൊക്കേഷന്‍ സ്റ്റില്ലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
മലൈക്കോട്ടൈ വാലിബന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലുള്ള മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ എടുത്തതെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ഗെറ്റപ്പ് അണിയറക്കാര്‍ നേരത്തെ പുറത്തുവിട്ട വീഡിയോയില്‍ ഉണ്ടായിരുന്നെങ്കിലും ലുക്ക് പൂര്‍ണ്ണമായും വെളിപ്പെടുത്തുന്ന ഒരു ചിത്രം ഇപ്പോഴാണ് എത്തുന്നത്. അതിനാല്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുമുണ്ട് ചിത്രം.
പാക്കപ്പ് പാര്‍ട്ടിയില്‍ ചിത്രത്തെക്കുറിച്ച് തനിക്കുള്ള ആവേശം പങ്കുവച്ചുകൊണ്ടായിരുന്നു മോഹന്‍ലാലിന്‍റെ വാക്കുകള്‍- "ലിജോ എന്താണെന്ന് നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. നമ്മള്‍ എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെയാണ് അറിയേണ്ടത്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലിജോയ്ക്കും ഷിജുവിനും ഒപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും നന്ദി. അവിശ്വസനീയമായ ചിത്രീകരണമായിരുന്നു. കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാല്‍ ഞങ്ങള്‍ വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയി. പക്ഷേ ഞങ്ങള്‍ നന്നായി പണിയെടുത്തിട്ടുണ്ട്. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യന്‍ സ്ക്രീന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ഞങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്", മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിയറ്ററുകളില്‍ ചിത്രം എപ്പോള്‍ എത്തും എന്നതും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ലിജോയുടെ സംവിധാനത്തിലെത്തിയ അവസാന ചിത്രം.
ALSO READ : റിലീസിന് മുന്‍പേ വിറ്റത് 4 ലക്ഷം ടിക്കറ്റുകള്‍! 'ആദിപുരുഷ്' ഇതുവരെ നേടിയത്
WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ