ഡ്രീം കോമ്പോ ഷൂട്ടിംഗ് തുടങ്ങുന്നു; 'മലൈക്കോട്ടൈ വാലിബന്' രാജസ്ഥാനില്‍ തുടക്കം

Published : Jan 18, 2023, 12:31 PM IST
ഡ്രീം കോമ്പോ ഷൂട്ടിംഗ് തുടങ്ങുന്നു; 'മലൈക്കോട്ടൈ വാലിബന്' രാജസ്ഥാനില്‍ തുടക്കം

Synopsis

മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന് രാജസ്ഥാനില്‍ തുടക്കം. ചിത്രത്തിന്‍റെ പൂജ, സ്വിച്ചോണ്‍ ചടങ്ങുകളുടെ അനൌദ്യോഗിക ചിത്രങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. യുവനിരയിലെ ശ്രദ്ധേയ സംവിധായകനായ ലിജോ മോഹന്‍ലാലിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രീകരണത്തില്‍ പങ്കെടുക്കാനായി ഇന്നലെയാണ് മോഹന്‍ലാല്‍ രാജസ്ഥാനില്‍ എത്തിയത്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം  മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി  ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.  ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ, സോഷ്യല്‍ മീഡിയയിലെ ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബര്‍ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. ചിത്രീകരണം 18 ന് ആരംഭിക്കുന്നതായ വിവരം രണ്ട് ദിവസം മുന്‍പാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

ടൈറ്റിലും ചില അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങളുമല്ലാതെ ഈ ചിത്രം സംബന്ധിച്ച മറ്റ് വിശദാംശങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. 

ALSO READ : ഇന്ത്യയിലെ ഐമാക്സ് സ്ക്രീനുകളില്‍ നിന്ന് പണം വാരി 'അവതാര്‍ 2'; 23 സ്ക്രീനുകളില്‍ നിന്ന് ഇതുവരെ നേടിയത്

അതേസമയം ലിജോയുടെ ഏറ്റവും പുതിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ തിയറ്റര്‍ റിലീസ് ഈ വാരമാണ്. മമ്മൂട്ടിക്കൊപ്പം ലിജോ ആദ്യമായി ഒരുമിച്ച ചിത്രത്തിന്‍റെ പ്രീമിയര്‍ ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ വച്ചായിരുന്നു. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'