
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന വാർത്തയിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കിൽ എത്ര വെളുത്ത വസ്ത്രം ധരിച്ചാലും നിങ്ങൾ വർണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആയിരിക്കുമെന്ന് പേരടി പറയുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.
'കറുപ്പിനെ നിങ്ങൾ ഭയപ്പെടുന്നുണ്ടെങ്കിൽ...നിങ്ങൾ എത്ര വെളുത്ത വസ്ത്രങ്ങൾ ധരിച്ചാലും...നിങ്ങൾ വർണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം...', എന്നാണ് ഹരീഷ് പേരടി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രി പങ്കെടുത്ത കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് കോളേജിലെ പരിപാടിയിലാണ് കറുത്ത വസ്ത്രം ഒഴിവാക്കാൻ കോളേജ് അധികൃതർ നിർദ്ദേശം നൽകിയത്. കറുത്ത വസ്ത്രവും മാസ്കും ധരിച്ചു കൊണ്ട് പരിപാടിക്ക് എത്തരുതെന്നാണ് കോളേജ് പ്രിൻസിപ്പൾ വിദ്യാർഥികൾക്ക് നിർദേശം നൽകി. എന്നാൽ കറുത്ത വസ്ത്രവുമായി ബന്ധപ്പെട്ട് പൊലീസ് ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ പ്രതികരിച്ചിരുന്നത്. പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്നും വമിർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കറുത്ത വസ്ത്രം ധരിച്ചായിരുന്നു എത്തിയത്.
പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം; 'ബഡേ മിയാൻ ചോട്ടേ മിയാൻ' ഇനി വിദേശത്ത്, ഇന്ത്യൻ ഷെഡ്യൂൾ കഴിഞ്ഞു
അതേസമയം, ദാസേട്ടന്റെ സൈക്കിള്‍ എന്ന സിനിമയാണ് ഹരീഷ് പേരടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ പോസ്റ്റര്‍ സിപിഎം നേതാവ് എം എ ബേബി ഫേസ്ബുക്കിൽ പങ്കുവച്ചതിന് പിന്നാലെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇടത്, പാർട്ടി, സർക്കാർ വിരുദ്ധതപറയുന്ന ഹരീഷ് പേരടിയുടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത് ശരിയായില്ല എന്നായിരുന്നു വിമർശനം. അഖില്‍ കാവുങ്കല്‍ ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും. ഹരീഷ് പേരടിക്കൊപ്പം ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവരും നിര്‍മാണത്തില്‍ പങ്കാളികളാണ്. രാഹുല്‍ സി വിമലയാണ് ഛായാഗ്രാഹണം. നൗഫല്‍ പുനത്തിലാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍.