
കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖമായ കവിയൂർ പൊന്നമ്മയ്ക്ക് യാത്രാമൊഴിയേകി കേരളം. ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സൂപ്പർ താരങ്ങളടക്കം മലയാള സിനിമയിലെ പ്രമുഖരുടെ വലിയ നിരയാണ് പൊതുദർശനത്തിലും സംസ്കാര ചടങ്ങിലും പങ്കെടുത്തത്.
സ്നേഹവാത്സല്യങ്ങൾ നിറച്ചുവച്ച ഒരു പിടി കഥാപാത്രങ്ങളിലൂടെ ചലച്ചിത്രാസ്വാദകരുടെയെല്ലാം അമ്മയായി മാറിയ കവിയൂർ പൊന്നമ്മ ഇനി തെളിഞ്ഞ് കത്തുന്നൊരോർമ. പൊന്നമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്ന ആലുവ കരുമാലൂരിലെ ശ്രീപീഠം വീടിൻ്റെ വളപ്പിലായിരുന്നു അന്ത്യ യാത്രയ്ക്കായി ചിതയൊരുക്കിയത്. സംസ്ഥാന സർക്കാരിൻ്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. രാവിലെ എറണാകുളം കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച പൊന്നമ്മയുടെ ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലികൾ അർപ്പിക്കാൻ നൂറ് കണക്കിന് ആളുകളാണ് എത്തിയത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരനിരയും മലയാള സിനിമാ ലോകത്തിൻ്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരമർപ്പിക്കാനെത്തി.
ഇന്നലെ വൈകിട്ട് ആയിരുന്നു കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശ്ശേരി ടൗൺഹാളിൽ എത്തിച്ചത്. പ്രിയപ്പെട്ട സഹപ്രവർത്തകയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ മലയാള സിനിമ ലോകമാകെ അവിടേക്കെത്തി.
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി,ജോഷി, സത്യൻ അന്തിക്കാട് അങ്ങനെ സിനിമാ ലോകത്തെ പ്രമുഖരൊക്കെയും മലയാള സിനിമയുടെ അമ്മയ്ക്ക് ആദരം അർപ്പിക്കാൻ വന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച് മന്ത്രി പി രാജീവ് റീത്ത് അന്ത്യാഞ്ജലി അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കളമശ്ശേരിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹം ആലുവ കരുമാലൂരിലെ പൊന്നമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാല് മണിയോടെ വിട്ടുവളപ്പിൽ വെച്ച് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രണ്ട് ദിവസം മുമ്പ് മാത്രം അമേരിക്കയിലേക്ക് മടങ്ങിയ ഏക മകൾക്ക് സംസ്കാര ചടങ്ങിന് എത്താനായില്ല. ഇളയ സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
Also Read: 'ആ കഥാപാത്രത്തെ പോലെയായിരുന്നു ജീവിതത്തില്‍ എനിക്ക്'; കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ മോഹന്‍ലാല്‍
അമ്മ വേഷങ്ങളാണ് കവിയൂര്‍ പൊന്നമ്മയെ മലയാളി സിനിമാപ്രേമികളുടെ പ്രിയങ്കരി ആക്കിയത്. 20-ാം വയസില്‍ത്തന്നെ സത്യന്‍റെയും മധുവിന്‍റെയും അമ്മയായി അഭിനയിച്ചിട്ടുണ്ട് കവിയൂര്‍ പൊന്നമ്മ. നാനൂറിലധികം സിനിമകളിൽ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു. തിരുവല്ലക്കടുത്ത് കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. നടി കവിയൂർ രേണുക ഉൾപെടെ ആറ് സഹോദരങ്ങളുണ്ട്. അനശ്വരമായ ഒത്തിരി ഒത്തിരി അമ്മ കഥാപാത്രങ്ങൾ മലയാളി മനസുകളിൽ നിറഞ്ഞു നിൽക്കുന്നിടത്തോളം കാലം കവിയൂർ പൊന്നമ്മ അമരയായിരിക്കും.