
തിരുവനന്തപുരം: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈംഗീക പീഡന പരാതി. ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗീകാതിക്രമം നടത്തിയെന്നാണ് പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയത്. ആരോപണം അടിസ്ഥാന രഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്ര മേനോൻ പ്രതികരിച്ചു.
2007 ജനുവരിയിൽ തിരുവനന്തപുരത്തെ ഹോട്ടൽ വച്ച് മുറിയിൽ വച്ച് ലൈംഗീകാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഗ്രൂപ്പ് സെക്സിന് നിർബന്ധിച്ചു, ഹോട്ടൽ മുറിയിൽ കയറി വന്ന് ലൈംഗീക അതിക്രമം നടത്തിയെന്നും പരാതിയിലുണ്ട്. പുറത്ത് പറഞ്ഞാൽ ചിത്രീകരിച്ച സിനിമാ രംഗങ്ങൾ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നൽകാൻ ഇതുവരെ തയ്യാറാകാതിരുന്നതെന്നാണ് നടിയുടെ വിശദീകരണം. നേരത്തെ മുകേഷടക്കം 7 പേർക്കെതിരെ ഇവർ പരാതി നൽകിയിട്ടുണ്ട്.
ബ്ലാക്മെയിൽ ചെയ്യുന്നു നടിക്കെതിരെ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി
നേരത്തെ ആലുവ സ്വദേശിയായ ഈ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്നാരോപിച്ച് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു.
ആലുവ സ്വദേശിയായിട്ടുള്ള നടിയും ഇവരുടെ അഭിഭാഷകനുമാണ് പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ ബാലചന്ദ്രമേനോന്‍ പറയുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ 13ാം തീയതി തനിക്കൊരു ഫോണ്‍കോള്‍ വന്നിരുന്നു. അഡ്വക്കേറ്റ് സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. 3 ലൈംഗിക പീഡനക്കേസുകള്‍ താങ്കള്‍ക്കെതിരെ വരുന്നുവെന്നൊരു മുന്നറിയിപ്പ് നല്‍കി. ആ ഫോണ്‍കോള്‍ അപ്പോള്‍ തന്നെ കട്ട് ചെയ്തു. എന്നാല്‍ അടുത്ത ദിവസം തന്നെ ഈ നടി, അതായത് മുകേഷിനും മണിയന്‍പിള്ള രാജുവിനും എതിരെ പരാതി പറഞ്ഞിട്ടുള്ള നടി സമൂഹമാധ്യമത്തില്‍ തന്‍റെയടക്കം ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കമിംഗ് സൂണ്‍ എന്ന് പറഞ്ഞ് ലൈംഗിക ആരോപണങ്ങള്‍ സൂചിപ്പിക്കുന്ന ചില പോസ്റ്റുകളിട്ടു.
അത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ച് തനിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നു. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണ്. 47 വര്‍ഷമായി താന്‍ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണിതെന്ന് ബാലചന്ദ്ര മേനോന്‍ പരാതിയില്‍ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ