
കൊച്ചി: ചൊവ്വാഴ്ച വൈകീട്ട് 9 മണിയോടെയാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. ഇന്ന് വൈകീട്ട് അദ്ദേഹത്തിന്‍റെ ഖബറടക്കം നടക്കും. അതിന് മുന്‍പ് കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. മലയാള സിനിമയിലെ പ്രമുഖര്‍ സിദ്ദിഖിനെ ഓര്‍മ്മിക്കുകയാണ്.
സിദ്ദിഖിന്റെ വേർപാട് വിശ്വസിക്കാൻ പറ്റാത്തതാണെന്ന് സംവിധായകന്‍ കമല്‍. തിരിച്ചുവരാൻ പ്രാർത്ഥിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ വില്‍പവര്‍ വച്ച് തിരിച്ചുവരും എന്ന് തന്നെയാണ് കരുതിയത്. വലിയ നഷ്ടമാണ് സംഭവിച്ചത്. പപ്പൻ പ്രിയപ്പെട്ട പപ്പന്റെ കഥ ചർച്ചചെയ്യുന്നതു മുതലുള്ള അടുപ്പമാണ് സിദ്ദിഖുമായി എന്ന് സംവിധായകൻ കമൽ അനുസ്മരിച്ചു.
സിദ്ദിഖിന്‍റെ മരണം അപ്രതീക്ഷിതമാണെന്ന് നടന്‍ അശോകന്‍ അനുസ്മരിച്ചു. വളരെ ദു:ഖമുണ്ട്, ഇനിയും എത്ര സിനിമകൾ ചെയ്യേണ്ടയാളായിരുന്നു പെട്ടെന്ന് പോയത് എന്ന് നടൻ അശോകൻ അനുസ്മരിച്ചു.
മിമിക്രി എന്ന കലയിൽ എന്റെ റോൾ മോഡലായിരുന്നു സിദ്ദിഖും ലാലും. അവർ രണ്ടുപേരും പരസ്പരം കൗണ്ടർ പറയുന്നത് കേട്ടാണ് ഞങ്ങളൊക്കെ തമാശ പറയാൻ പഠിച്ചത്. സിദ്ദിഖിനെപ്പോലെ ഒരു മനുഷ്യനെ താൻ കണ്ടിട്ടില്ലെന്ന് ഹരിശ്രീ അശോകൻ അനുസ്മരിച്ചു.
സിദ്ദിഖിന്‍റെ ഫുക്രി എന്ന ചിത്രത്തില്‍ നായകനായിരുന്ന ജയസൂര്യ. മരണവാർത്തയോടൊപ്പമുള്ള ഇക്കയുടെ പടം കാണുമ്പോൾ അടുത്ത സിനിമയുടെ പ്രഖ്യാപനമാണെന്നാണ് തോന്നുന്നത് എന്നാണ് ജയസൂര്യ പ്രതികരിച്ചത്. സ്വന്തം ചേട്ടനെയാണ് നഷ്ടപ്പെട്ടത് എന്ന് ജയസൂര്യ പ്രതികരിച്ചു.
ഒരു നടനെന്ന നിലയിൽ എന്നെ ജനങ്ങൾ ശ്രദ്ധിച്ചത് റാംജിറാവുവിലൂടെയാണ്. മലയാള സിനിമയിൽ പുതിയൊരു സ്റ്റൈൽ ഉണ്ടാക്കിയത് സിദ്ദിഖും ലാലുമാണ്. സിദ്ദിഖ് തനിക്ക് സഹോദരതുല്യനെന്ന് വിജയരാഘവൻ അനുസ്മരിച്ചു.
സിനിമാ മേഖല ഒന്നടങ്കം ഞെട്ടലിലാണ് സിദ്ദിഖിന്‍റെ വിയോഗത്തില്‍. സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുകയും അതിന് വലിയ വില കൊടുക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് സിദ്ദിഖെന്നുമാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ കൂടിയായ നടൻ പ്രേം കുമാർ അനുസ്മരിച്ചത്.
'എന്നൊടൊപ്പം എന്നും തമാശയുണ്ട്': സിനിമയെ ഗൗരവത്തോടെ നിരീക്ഷിച്ച സിദ്ദിഖ്