
മലയാളി പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ 'സാന്ത്വനം' (santhwanam serial) പരമ്പര കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ പ്രതിസന്ധികളിലൂടെയണ് മുന്നോട്ട് പോകുന്നത്. പരമ്പരയിലെ കേന്ദ്ര ബിന്ദുവായ 'സാന്ത്വനം' വീടിനെ, അവരുടെ ശത്രുക്കളാണെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ഭദ്രനും കുടുംബവും കഴിഞ്ഞ ദിവസങ്ങളില്‍ അക്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. വീട്ടിലെ കലിപ്പനായ 'ശിവന്', മറ്റെല്ലാവരുടേയും കാര്യത്തിലും ഇടപെടാറുണ്ടെങ്കിലും എന്താണ് സ്വന്തം വീട്ടുകാരുടെ കാര്യത്തില്‍ തിരിച്ചടിക്കാത്തത് എന്നതായിരുന്നു പലരുടേയും സംശയം. സംശയം പരമ്പരയുടെ അകത്തും പുറത്ത് ആരാധകര്‍ക്കിടയിലും ചര്‍ച്ചയുമായിരുന്നു.
പരമ്പരയുടേതായി ഏഷ്യാനെറ്റ് തങ്ങളുടെ യൂട്യൂബിലൂടെ പങ്കുവയ്ക്കുന്ന എല്ലാ വീഡിയോയ്ക്കും ആരാധകരുടെ ചോദ്യം, എന്തുകൊണ്ട് 'ശിവന്‍' പ്രതികരിക്കുന്നില്ല എന്നതായിരുന്നു. 'സാന്ത്വനം' വീടിന്റെ കുടുംബക്കാരന്‍ കൂടെയായ 'ഭദ്രന്', 'ശിവന്‍', 'ബാലന്‍' തുടങ്ങിയവരുടെ അച്ഛനുമായി ഉള്ള പണമിടപാടില്‍ ചില പ്രശ്‌നങ്ങളാണ് ഇപ്പോഴുമുള്ള പ്രശ്‌നത്തിന് അടിസ്ഥാനം. കാലങ്ങള്‍ക്ക് മുന്നേ തന്നെ പറ്റിച്ചെന്ന് 'ഭദ്രന്‍' പറയുമ്പോള്‍, 'ഭദ്രനാ'ണ് തങ്ങളെ പറ്റിച്ചതെന്നാണ് 'സാന്ത്വനം' കുടുംബം പറയുന്നത്. ഭദ്രന്റെ മക്കളെ അക്രമിച്ചെന്ന പരാതിയില്‍ 'സാന്ത്വനം' വീട്ടിലെ ഹരിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മദ്യപിച്ചുകൊണ്ടിരിക്കുന്ന ഭദ്രന്റെ മക്കളെ മുഖംമൂടി വച്ച നാലഞ്ചുപേര്‍ അക്രമിക്കുകയായിരുന്നു. അത് ഹരിയാണെന്നാണ് ഭദ്രന്‍ കരുതുന്നത്.
നാട്ടില്‍നിന്നും 'സാന്ത്വനം' കുടുംബത്തെ ഓടിക്കാനുള്ള ശ്രമമാണ് 'ഭദ്രന്‍' നടത്തുന്നത്. തന്റെ ഗുണ്ടകളെ വച്ച്, 'സാന്ത്വനം' വീട്ടിലേക്ക് കല്ലെറിയല്‍ പോലുള്ള ഫിസിക്കല്‍ അറ്റാക്കിനും ഇപ്പോള്‍ 'ഭദ്രന്‍' മുതിരുന്നുണ്ട്. എന്നാല്‍ ഇനിയും കുടുംബത്തിന്റെ നിസ്സഹായവസ്ഥ കണ്ടുനില്‍ക്കാന്‍ 'ശിവന്' ആകില്ല എന്ന് പുതിയ പ്രൊമോയിലൂടെ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. ചിറ്റപ്പന്റെ രണ്ട കാലും തല്ലിയൊടിക്കാനായി വന്നതാണെന്ന് പറഞ്ഞുകൊണ്ട് കയ്യിലൊരു വലിയ തടിക്കഷ്ണവും പിടിച്ചാണ് 'ശിവന്‍' 'ഭദ്രന്റെ' വീട്ടിലേക്ക് കയറുന്നത്. കൂടെ ഇളയ അനിയനായ കണ്ണനുമുണ്ട്. 'താന്‍ എന്റെ കൂടെപ്പിറപ്പുകളോട് കാണിച്ചതെല്ലാം അറിയാന്‍ ഞാന്‍ കുറച്ച് വൈകിപ്പോയെന്നും, പകരം വീട്ടാതെ 'ശിവന്‍' പിന്നോട്ടില്ല' എന്നെല്ലാമാണ് 'ശിവന്‍' 'ഭദ്രനോട്' പറയുന്നത്. അതിനിടെ ഹരിയെ പുറത്തിറക്കാനുള്ള വഴികളാണ് ഇപ്പോള്‍ പരമ്പരയില്‍ ചര്‍ച്ച. ഹരിയെ പൊലീസ് കസ്റ്റഡിയില്‍ നിന്നും ഇറക്കാനായി 'അപര്‍ണ്ണ'യുടെ അച്ഛന്‍ 'തമ്പി' തന്നെ നേരിട്ട് പോകുന്നുണ്ട്. എന്തായാലും പെട്ടന്നുതന്നെ ഹരിയെ വീട്ടിലെത്തിക്കാം എന്ന് അമ്മയ്ക്ക് വാക്കും കൊടുത്താണ് തമ്പി പോകുന്നത്.
'ശിവന്റെ' തിരിച്ചടികള്‍ കാത്തിരിക്കുകയാണ് തങ്ങളെന്ന് പ്രേക്ഷകര്‍ തെളിയിച്ചുകഴിഞ്ഞു എന്നതാണ് രസം. 'ശിവന്റെ അപ്രതീക്ഷിത തിരിച്ചടിയില്‍ പകച്ച് 'ഭദ്രനും' മക്കളും...' എന്ന ക്യാപ്ഷനോടെ ഏഷ്യാനെറ്റ് യൂട്യൂബിലൂടെ പങ്കുവച്ച വീഡിയോ ഇതിനോടകം പതിനൊന്ന് ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. (ഒരു മില്ല്യണില്‍ അധികം). കൂടാതെ വെയിറ്റിംഗ് എന്ന് കമന്റുകള്‍കൊണ്ട് വീഡിയോയുടെ കമന്റ് ബോക്‌സ് നിറച്ചിരിക്കുകയാണ് ആരാധകര്‍.
Read More : 'മഹാവീര്യര്‍' പറയുന്നത് എന്തൊക്കെ?, എബ്രിഡ് ഷൈനുമായി അഭിമുഖം