
അക്ഷയ് കുമാറും ജോൺ എബ്രഹാമും ഉള്ള ഒരു വേദിയിൽ എന്തുകൊണ്ട് അവർക്കൊപ്പം ഫോട്ടോ എടുത്തില്ല എന്ന് ചോദിച്ചപ്പോൾ മമ്മുട്ടിയെ കണ്ട് വന്നയാളാണ് താനെന്നായിരുന്നു അനൂപ് മേനോൻ്റെ മറുപടി. മമ്മൂട്ടിയാണ് ഏതൊരാൾക്കും ദി ഗ്രേറ്റസ്റ്റ് സ്റ്റാർ മാനിഫെസ്റ്റേഷൻ. അദ്ദേഹം മുറിയിലേയ്ക്ക് കടന്നു വരുമ്പോഴുള്ള ഓറ ഫീൽ ചെയ്ത ഒരാൾക്കും മറ്റൊരു താരത്തോടും അമിത ആരാധന തോന്നില്ലെന്നാണ് അനൂപ് മേനോൻ പറഞ്ഞു വച്ചത്.. സ്വാഗും സ്റ്റൈലും സ്ക്രീനിൽ കൊണ്ടുവരുന്ന നടന്മാർ നമുക്കുണ്ട്. എന്നാൽ ഓരോ അഭിനേതാവും കൊതിക്കുന്ന, മാതൃകയാക്കാനും അനുകരിക്കാനും ശ്രമിക്കുന്ന റിയൽ ലൈഫ് സ്വാഗ്- അത് മമ്മൂട്ടിക്ക് മാത്രമാണ്.
ഘനഗംഭീരമായ ശബ്ദം, ആകാര സൗഷ്ഠവം, ഭാഷയുടെ വ്യാകരണത്തെക്കുറിച്ചുള്ള വ്യക്തമായ ബോധം, ഉച്ഛാരണ ശുദ്ധി, ശബ്ദങ്ങളുടെ ആരോഹണ അവരോഹണ ക്രമീകരണങ്ങളിലൂടെ മമ്മൂട്ടി പൂർണ്ണതയിൽ എത്തിച്ച ചരിത്ര കഥാപാത്രങ്ങൾ. എംടിയുടെ കഥാപാത്രങ്ങൾ മമ്മൂട്ടിക്ക് വേണ്ടിയെഴുതിയതാണോ എന്ന് അദ്ദേഹത്തോട് പലരും ചോദിച്ചിട്ടുണ്ട്. അല്ലാ, എഴുതിക്കഴിയുമ്പോൾ അവർ മമ്മൂട്ടിയായി മാറുകയായിരുന്നു, ഹി ഈസ് ദി ഹീറോ ഓഫ് എപിക്സ്. ഒരു നടന് വായനയുടെ ആഴം എത്രമാത്രം ഗുണം ചെയ്യുമെന്നതിന് ഉദാഹരണമാണ് സാഹിത്യ-ചരിത്രകഥാപാത്രങ്ങളോട് മമ്മൂട്ടി പുലർത്തിയ നീതി. അദ്ദേഹത്തിൻ്റെ വായനയുടെ ആഴം കൊണ്ടാകണം ബഷീറും, ചന്തുവും, അംബേദ്കറും, പഴശ്ശിരാജയും ഭാസ്കര പട്ടേലരുമൊക്കെ മമ്മൂട്ടിയായപ്പോൾ പ്രേക്ഷകനതിൽ അപ്രിയം തോന്നാഞ്ഞത്.
ഭാഷയും സ്ലാങ്ങുകകളും എത്ര രസമായാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. പുത്തൻ പണത്തിലെ കാസർഗോഡ് സ്ലാങ്, കാഴ്ചയിൽ ആലപ്പുഴ സ്ലാങ്, ലൗഡ് സ്പീക്കറിലെ ഇടുക്കി സ്ലാങ്, കുഞ്ഞനന്തൻ്റെ കടയിൽ കണ്ണൂർ, പ്രാഞ്ചിയേട്ടനിൽ തൃശ്ശൂർ, രാജമാണിക്യത്തിൽ തിരുവനന്തപുരം, ബാവൂട്ടിയുടെ നാമത്തിലിലെ മലബാർ സ്ലാങ് അങ്ങനെയങ്ങനെ പഠിച്ചെടുത്ത് പയറ്റുന്ന ഭാഷാ വഴക്കങ്ങൾ. മലയാളം ഇതരഭാഷകളിലും സ്വന്തമായി ഡബ്ബ് ചെയ്യുന്ന സൂപ്പർസ്റ്റാർ.
മോസ്റ്റ് സ്റ്റൈലിഷ് ആണ് മമ്മൂക്ക. യൂത്തിനെ വെല്ലുന്ന ഡ്രസ്സിങ് സെൻസ്. കുട്ടിക്കാലം മുതൽ താൻ നാഗാർജുനയുടെ ആരാധകനാണെന്നും അതിന് കാരണം അദ്ദേഹത്തിന്റെ സ്റ്റൈലാണെന്നും പറഞ്ഞ ദുൽഖറിനോട് സ്‌റ്റൈലിന്റെ കാര്യത്തിൽ നിങ്ങളുടെ അച്ഛനെ വെല്ലാൻ ആരുണ്ട്?എന്നായിരുന്നു നാഗാർജുനയുടെ മറുചോദ്യം. സോഷ്യൽ മീഡീയയ്ക്ക് തീപിടിപ്പിക്കാൻ മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്നെ വേണമെന്നില്ല, അദ്ദേഹം റാൻ്റം ആയെടുത്ത ഒരു സെൽഫിയോ സിനിമാ സെറ്റിലേതായി പുറത്തുവന്ന അവ്യക്തമായ ഒരു വീഡീയോയോ മതി. മോഡേൺ ആയിരിക്കുമ്പോൾ തന്നെ ടൈംലെസ് ആണ് മമ്മൂട്ടിയുടെ പേഴ്സണൽ സ്റ്റൈൽ. അതുകൊണ്ട് തന്നെയാണ് എത്രയനുകരിച്ചാലും മറ്റൊരാൾക്കും മമ്മൂട്ടിയാകാനാകാത്തതും. ഇരുപ്പിലും നടപ്പിലും ചേഷ്ടകളിലും ബ്രാൻഡുകളുടെ തെരഞ്ഞെടുപ്പിൽ പോലും ലളിതവും ക്ലാസിക്കുമായ സെലക്ഷനുകൾ ആണ് മമ്മുട്ടിക്ക് എഫേർട്ട്‌ലെസ്ലി സ്റ്റൈലിഷ് ഫീൽ നൽകുന്നത്.
ദി ഗ്രേറ്റ് ഫാദറിൻ്റെ ടീസർ തുടങ്ങുന്നത് ഇങ്ങനെയാണ്, "മിസ്റ്റർ ഡേവിഡ് കണ്ടിട്ട് സിഗരറ്റ് വലിക്കുന്നയാളാണെന്ന് തോന്നുന്നില്ല... പിന്നീട് സിഗരറ്റും ചുണ്ടിൽ വച്ച് സ്ലോ മോഷനിൽ നടന്നുവരികയാണ് മമ്മൂട്ടി. 2017 കാലഘട്ടത്തിൽ ഏറ്റവും ഓളമുണ്ടാക്കിയ പ്രീറിലീസ് മെറ്റീരിയൽ. എന്നാൽ റിയൽ ലൈഫിൽ പുകവലി പൂർണ്ണമായും ഉപേക്ഷിച്ചതാണ് മമ്മൂക്ക. സൗന്ദര്യത്തിനു കോട്ടമുണ്ടാകും എന്ന് കരുതിയാണോ പുകവലി ഉപേക്ഷിച്ചത് എന്ന ചോദ്യത്തിനു, തനിക്ക് പുകവലിക്കാൻ ഇഷ്ടമായിരുന്നെങ്കിലും തനിക്കോ മാറ്റുള്ളവർക്കോ ഗുണമില്ലാത്തതുകൊണ്ട് ഉപേക്ഷിച്ചെന്നാണ് മറുപടി. ഡ്രൈവറാകണമെങ്കിൽ മമ്മൂട്ടിയുടെ ഡ്രൈവറാകണം എന്നാണ് ഇൻഡസ്ട്രിയിലെ തമാശ. അദ്ദേഹത്തിൻ്റെ വണ്ടിപ്രേമവും ഡ്രൈവിങ് ക്രേസും ഗ്രേറ്റ് ഫാദർ, കണ്ണൂർ സ്ക്വാഡ്, ഒടുവിൽ ടർബോ വരെയുള്ള സിനിമകളിൽ പ്രേക്ഷകർ കണ്ടതാണ്. സാഹസികമായ ഡ്രിഫ്റ്റിങ് സീനുകൾ സുരക്ഷിതമായി ഡ്യൂപ്പില്ലാതെ ചെയ്യുന്നത് ഇതേ ക്രേസുകൊണ്ടാണ്.
ലുക്ക് കൊണ്ട് വളരെ ബ്ലെസ്ഡ് ആണ് മമ്മൂട്ടി. പുരുഷ സങ്കല്പത്തിനൊത്ത മേനിയഴകും സൗന്ദര്യവും ജന്മസ്വത്തായി കിട്ടിയതാണ് മമ്മൂട്ടിയ്ക്ക്. പക്ഷേ അത് നിലനിർത്തിക്കൊണ്ടു പോകണമല്ലോ.. അഭിനയത്തോട് ആർത്തിയാണ് അയാൾക്ക്, അതുപോലെത്തന്നെയാണ് അഭിനേതാവിന് ശരീരം സ്വത്താണെന്ന ബോധ്യവും. മമ്മൂട്ടിയുടെ സിനിമ തെരഞ്ഞെടുപ്പുകളും കോടി ക്ലബ്ബുകൾ ലക്ഷ്യം വച്ചുള്ളവയായിരുന്നില്ല. അയാളിലെ നടനെയും മലയാള സിനിമയെയും തന്നെ പുതുക്കുകയായിരുന്നു സമീപകാലത്തെല്ലാം അദ്ദേഹം.
15 വർഷങ്ങൾ മുൻപ് മമ്മൂട്ടി നീട്ടിയ കരുതൽ കരമാണ് കെയർ ആൻഡ് ഷെയർ എന്ന ജീവകാരുണ്യ സംഘടന. ആദിവാസി ഗോത്രമേഘലയിലെ പ്രവർത്തനങ്ങളും കുട്ടികളുടെ വിദ്യാഭ്യാസവും ഹൃദയശസ്ത്രക്രിയകളും ഡ്രഗ്സിനെതിരായ ക്യാമ്പെയ്നുകളുമൊക്കെയായി ഒന്നരപ്പതിറ്റാണ്ടായി സജീവമാണ് സംഘടന.
സൂപ്പർസ്റ്റാർഡം എന്ന് പറയുന്നത് എന്താണെന്ന് മനസിലാക്കിയ മൊമെൻ്റിനെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. മമ്മൂട്ടിയെ റിയൽ ലൈഡിൽ അത്രമാത്രം അഡ്മയർ ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകർക്ക് തോന്നിയിട്ടുള്ളയാളാണ് ആസിഫ്. സിനിമയിലെ ഒരു സീനിൽ 369 എന്ന് എഴുതിയ ഒരു കാർ വരുമ്പോൾ തിയേറ്ററിൽ ഉണ്ടാകുന്ന കൈയ്യടിയെക്കുറിച്ച് പറയുകയാണ് ആസിഫ്. ആസിഫ് തന്നെ പറഞ്ഞതു പോലെ.. മമ്മൂക്കാ... എന്തൊരു സ്വാഗ് ആണ് നിങ്ങൾക്ക്.. നിങ്ങളുടെ പ്രസൻസ് പ്രേക്ഷകർ ആസ്വദിക്കുന്നത് ഓരോ തവണയും നിങ്ങളൊന്ന് നേരിട്ട് കാണണം...!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ