പാലക്കാട് പോയി ബസ് കാണണമെന്ന് ആഗ്രഹം പറഞ്ഞു; മമ്മൂട്ടിയുടെ സ്നേഹം വേറെ ലെവൽ; കുട്ടികൾ കൊച്ചി കണ്ടു, മെട്രോയിലേറി, വിമാനവും കണ്ട് മടങ്ങി

Published : Sep 07, 2025, 03:14 AM IST
Mammootty

Synopsis

പാലക്കാട് നഗരം കാണണമെന്ന് ആഗ്രഹിച്ച കുട്ടികൾക്ക് കൊച്ചി നഗരത്തിൽ അവിസ്‌മരണീയ യാത്രാനുഭവം സമ്മാനിച്ച് മമ്മൂട്ടി

കൊച്ചി: 'ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോ...ബസിൽ കയറ്റാമോ...'ഇതായിരുന്നു അട്ടപ്പാടിയിൽ നിന്ന് ഇരുപതുകിലോമീറ്ററകലെ കാടിനുള്ളിൽ പാർക്കുന്ന ആ കുട്ടികൾ ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞത് മമ്മൂട്ടിയാണ്. അങ്ങനെ ആ കുട്ടികൾ പാലക്കാടല്ല,കൊച്ചിയെന്ന മഹാനഗരത്തിലെത്തി. മെട്രോയിൽ കയറി, ഒടുവിൽ വിമാനം പറക്കുന്നത് കണ്ടു. അതിനെ തൊട്ടു.

പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവൺമെൻ്റ് എൽ.പി. സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർത്ഥികളും 11 അധ്യാപകരും അടങ്ങുന്ന സംഘമാണ് മമ്മൂട്ടിയുടെ അതിഥികളായി കൊച്ചി മെട്രോയും, നെടുമ്പാശ്ശേരി വിമാനത്താവളവും, ആലുവ രാജഗിരി ആശുപത്രിയും സന്ദർശിച്ചത്. നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് വിനോദയാത്ര സംഘടിപ്പിച്ചത്. പാലക്കാട് കാണാൻ ആഗ്രഹിച്ച കുട്ടികളെ കൊച്ചി കാണിക്കാനും മെട്രോയിൽ കയറ്റാനും വിമാനത്താവളത്തിൽ കൊണ്ടുപോകാനും നിർദേശിച്ചത് മമ്മൂട്ടിയാണ്. രാത്രി പാലക്കാടുനിന്ന് എറണാകുളത്ത് എത്തിയ സംഘം കളമശ്ശേരി ജ്യോതിർഭവനിൽ താമസിച്ച്, അടുത്ത ദിവസം അതിരാവിലെ ഏഴുമണിയോടെ കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തി. മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററും, മെട്രോ ട്രെയിനും കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ അദ്ഭുതക്കാഴ്ചകളായി.

കളമശ്ശേരിയിൽ നിന്ന് മെട്രോയിൽ ആലുവയിലെത്തിയ സംഘം തുടർന്ന് ടൂറിസ്റ്റ് ബസ്സിൽ കയറി രാജഗിരി ആശുപത്രിയിലേക്ക്. അവിടെ പ്രഭാത ഭക്ഷണത്തിനു ശേഷം, അവർ റോബോട്ടിക് സർജറിയുടെ വിസ്മയലോകം നേരിൽ കണ്ടു. അടിസ്ഥാന സൗകര്യങ്ങൾ പോലും പരിമിതമായ അട്ടപ്പാടിയിലെ കുട്ടികൾക്ക്, റോബോട്ടിനെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ എന്നത് അമ്പരപ്പിക്കുന്ന അനുഭവമായിരുന്നു. രാജഗിരി ആശുപത്രിയിലെ റോബോട്ടിക് ജനറൽ സർജറി വിഭാഗം മേധാവി ഡോ. രവികാന്ത് ആർ. കുട്ടികൾക്ക് റോബോട്ടിനെക്കുറിച്ചും അതിൻ്റെ പ്രവർത്തന രീതികളെ കുറിച്ചും വിശദീകരിച്ചു. ഡോക്ടറുടെ നിർദ്ദേശത്തിൽ റോബോട്ടിക് യന്ത്രം കൈകൾ ചലിപ്പിക്കുന്നത് കുട്ടികൾ കൗതുകത്തോടെ നോക്കി നിന്നു.

ആശുപത്രി സന്ദർശനത്തിനു ശേഷമായിരുന്നു വിമാനത്താവളത്തിലെ കാഴ്ച. മെട്രോ ഫീഡർ ബസിൽ ആയിരുന്നു നെടുമ്പാശ്ശേരിക്കുള്ള യാത്ര. വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദർശക ഗാലറിയിൽ നിന്നുകൊണ്ട് അവർ ആസ്വദിച്ചു. പിന്നീട് വിമാനത്തിൻ്റെ അറ്റകുറ്റപ്പണികൾ നടക്കുന്ന അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് പ്രവർത്തനരീതികളെക്കുറിച്ച് മനസ്സിലാക്കി. അവിടെ വെച്ച് നടൻ മമ്മൂട്ടിയുടെ ഇന്നത്തെ പിറന്നാളിന് മുന്നോടിയായി പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന കേക്ക് മുറിച്ച് കുട്ടികൾ ജന്മദിനാഘോഷം നടത്തി. രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളിയും, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യനും, കുട്ടികളും ചേർന്നാണ് കേക്ക് മുറിച്ചത്. തന്റെ പ്രതിനിധിയായി യാത്രയിൽ പങ്കുകൊള്ളാൻ മമ്മൂട്ടി സന്തതസഹചാരിയായ എസ്.ജോർജിനെ ചെന്നൈയിൽ നിന്ന് അയച്ചിരുന്നു. കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഡയറക്ടർ റോബർട്ട് കുര്യാക്കോസും ഒപ്പമുണ്ടായിരുന്നു. അടുത്ത തവണ വിമാനയാത്രയൊരുക്കാമെന്നാണ് മമ്മൂട്ടി ഇവർക്ക് നൽകിയിരിക്കുന്ന വാഗ്ദാനം.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ