സിനിമ ഷൂട്ടിംഗ് കേരളത്തിലേക്ക് തിരിച്ചെത്തുന്നു; ബ്രോ ഡാഡിയുടെ ലോക്കേഷന്‍ രണ്ടാഴ്ചയ്ക്ക് ശേഷം മാറ്റും

By Web TeamFirst Published Jul 18, 2021, 11:38 AM IST
Highlights

ഇൻഡോർ ഷൂട്ടിംഗിന് പോലും അനുമതി കിട്ടാതെ വന്നതോടെയാണ് മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ബ്രോ ഡാഡിയടക്കം ഏഴോളം മലയാള സിനിമകളുടെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റിയത്.

തിരുവനന്തപുരം: സർക്കാർ ഇളവ് അനുവദിച്ചതോടെ കേരളത്തിന് പുറത്തേക്ക് മാറ്റിയ സിനിമാ ചിത്രീകരണം തിരിച്ചുവരുന്നു. തെലങ്കാനയിൽ തുടങ്ങിയ മോഹൻലാൽ നായകനായി പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് രണ്ടാഴ്ചക്ക് ശേഷം സംസ്ഥാനത്തേക്ക് മാറ്റും. ജിത്തുജോസഫ് ചിത്രമായ ട്വൽത്ത് മാന്‍റെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റില്ല. തിയേറ്റർ തുറക്കാനും അനുമതി നൽകണമെന്നാണ് സിനിമാസംഘടനകളുടെ ആവശ്യം.

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ടിട്ടും കിട്ടാത്തതിനാൽ  മലയാള സിനിമാ ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയത് വലിയ ചർച്ചയായിരുന്നു. സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ച് എ, ബി വിഭാഗങ്ങളിൽ ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകിയതോടെയാണ് ഷൂട്ടിംഗ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ തുടങ്ങിയ മോഹൻലാൽ-പ്രിഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം രണ്ടാഴ്ചക്ക് ശേഷം സംസ്ഥാനത്തേക്ക് മാറ്റും. തെലങ്കാനയിലേക്ക് മാറ്റാൻ തീരുമാനിച്ച മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത്ത് മാന്‍റെ ഷൂട്ടിംഗ് ഇവിടെ തന്നെ തുടങ്ങും.

ഷൂട്ടിംഗിനുള്ള അനുമതിയിൽ സിനിമാ സംഘടനകൾ സന്തോഷിക്കുമ്പോഴും സിനിമകളുടെ തിയേറ്റർ റിലീസിലുള്ള അനിശ്ചിതത്വം തുടരുകയാണ്. മോഹൻലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാർ ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതാണ്. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് തിയേറ്റർ തുറക്കാൻ അനുമതി വേണമെന്നാണ് സംഘടനകളുടെ ആവശ്യം. തിയേറ്ററും ബ്യൂട്ടി പാർലറും തുറക്കുന്നതിലായിരുന്നു ആരോഗ്യവകുപ്പ് കർശന നിലപാടെടുത്തിരുന്നത്. ഇതിൽ എ,ബി വിഭാഗങ്ങളിൽ ബ്യൂട്ടി പാർലറുകൾക്ക് അനുമതി നൽകിക്കഴിഞ്ഞതോടെ ഓണം അടുപ്പിച്ച് തിയേറ്ററുകൾക്കും ഇളവ് ഉണ്ടാകുമെന്നാണ് സിനിമാസംഘടനകളുടെ പ്രതീക്ഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!