
സമീപകാല മലയാള സിനിമയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നായിരുന്നു മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹൊറര്‍ ത്രില്ലര്‍ ചിത്രം ഭ്രമയുഗം. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ അക്കാരണം കൊണ്ടുതന്നെ റിലീസ് സമയത്ത് മറുഭാഷാ സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളം ഒറിജിനലിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും.
അതേസമയം ഭ്രമയുഗത്തിനൊപ്പം മറ്റൊരു പുതിയ മലയാള ചിത്രവും ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. നവാഗതനായ റിയാസ് ഷെരീഫിന്‍റെ സംവിധാനത്തില്‍ ബിജു മേനോന്‍ നായകനായ തുണ്ട് എന്ന ചിത്രമാണ് അത്. ഫെബ്രുവരി 16 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഇത്. പൊലീസുകാരുടെ കഥ പറയുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ജിംഷി ഖാലിദ് എന്നിവർ ചേർന്നാണ്. മറ്റൊരു പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളം ഒറിജിനലിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും.
അതേസമയം മമ്മൂട്ടി അദ്ദേഹത്തിന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രങ്ങളിലൊന്നായിരുന്നു ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി. മുന്‍പ് ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ ഭൂതകാലം എന്ന ചിത്രത്തിലൂടെ കൈയടി നേടിയ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ റിലീസിന് മുന്‍പ് തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു ഭ്രമയുഗം. പ്രേക്ഷക പ്രതീക്ഷകള്‍ക്ക് ഒപ്പം എത്തിയതോടെ തിയറ്റര്‍ റിലീസിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ് ചിത്രം സൃഷ്ടിച്ചത്. മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനുമാണ് ചിത്രത്തില്‍ ഉടനീളമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമാല്‍ഡ ലിസും മണികണ്ഠനുമാണ് മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടി ഡി രാമകൃഷ്ണനാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ALSO READ : അടുത്ത ദിലീപ് ചിത്രം 'പവി കെയര്‍ടേക്കര്‍'; റിലീസ് തീയതി പ്രഖ്യാപിച്ചു