മമ്മൂട്ടിക്കൊപ്പം ഈ വാരം മഞ്ജു വാര്യര്‍, ആന്‍റണി വര്‍ഗീസ്; പുതിയ റിലീസുകള്‍

By Web TeamFirst Published Jan 19, 2023, 10:46 PM IST
Highlights

ഈ വാരം ആകെ നാല് മലയാള ചിത്രങ്ങള്‍

തമിഴ് പൊങ്കല്‍ റിലീസുകളും ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറവുമൊക്കെ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് മലയാളത്തില്‍ നിന്ന് പുതിയ റിലീസുകള്‍ ഈ വാരം എത്തുന്നത്. അതില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം ഇന്ന് തിയറ്ററുകളില്‍ എത്തുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിട്ടുണ്ട്. നേരത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസിനായി സിനിമാസ്വാദകരുടെ വലിയ കാത്തിരിപ്പ് ഉണ്ടായിരുന്നു.

എന്നാല്‍ മറ്റ് മൂന്ന് മലയാള ചിത്രങ്ങളും ഈ വാരം റിലീസിന് ഉണ്ട്. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഇന്‍ഡോ- അറബിക് ചിത്രം ആയിഷ, ആന്‍റണി വര്‍ഗീസ് നായകനാവുന്ന വിനീത് വാസുദേവന്‍ ചിത്രം പൂവന്‍, ലെനയെ കേന്ദ്ര കഥാപാത്രമാക്കി റഹിം ഖാദര്‍ സംവിധാനം ചെയ്‍ത വനിത എന്നിവയാണ് ഈ വാരത്തിലെ പുതിയ റിലീസുകള്‍. മൂന്ന് ചിത്രങ്ങളുടെയും റിലീസ് വെള്ളിയാഴ്ചയാണ്.

 

മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് ആയിഷ പ്രദര്‍ശനത്തിനെത്തുന്നത്. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാവും ഇതെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. പ്രേത ഭവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരം ആയിരുന്നു ആയിഷയുടെ പ്രധാന ലോക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമയാണിത്. ഈ ചിത്രത്തിനുവേണ്ടി വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.

 

അതേസമയം വാണിജ്യ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങള്‍ക്കും സൂപ്പര്‍ ശരണ്യക്കും ശേഷം ഗിരിഷ് എ ഡിയും ഷെബിൻ ബക്കറും ചേര്‍ന്ന് ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്‍റെയും സ്റ്റക് സൗസിന്‍റേയും ബാനറിൽ നിർമ്മിച്ച ചിത്രമാണ് പൂവന്‍. ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ്‌ ആന്‍റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നത്. 'സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്‍റെ  തിരക്കഥാകൃത്ത്. 

ALSO READ : 'എന്തൊരു മമ്മൂട്ടി'! തിയറ്റര്‍ റിലീസിലും മികച്ച പ്രതികരണവുമായി നന്‍പകല്‍ നേരത്ത് മയക്കം

click me!