Latest Videos

'ഉടന്‍ വരുന്നു!'; റിലീസ് തീയതി പ്രഖ്യാപിച്ച മലയാള സിനിമകള്‍

By Web TeamFirst Published Jan 14, 2021, 3:29 PM IST
Highlights

പത്ത് മാസക്കാലത്തോളമായി റിലീസ് മുടങ്ങിക്കിടക്കുന്ന എണ്‍പതോളം മലയാള സിനിമകളും വരും മാസങ്ങളില്‍ തിയറ്ററുകളിലേക്ക് എത്തും. ഇതില്‍ സെന്‍സറിംഗ് പൂര്‍ത്തിയായ 40 സിനിമകളെങ്കിലും റിലീസിന് തയ്യാറെടുത്തതായാണ് സൂചന. ഇവ മുന്‍ഗണനാക്രമത്തിലാവും റിലീസ് ചെയ്യുക.

കൊവിഡ് പശ്ചാത്തലത്തില്‍ പത്ത് മാസത്തിലേറെ അടഞ്ഞുകിടന്നതിനു ശേഷം ഇന്നലെയാണ് കേരളത്തിലെ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഭൂരിപക്ഷം തിയറ്ററുകളും തമിഴ് ചിത്രം 'മാസ്റ്ററോ'ടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ 30 ശതമാനം തിയറ്ററുകളാണ് ഇനിയും തുറക്കാനുള്ളത്. അറ്റകുറ്റിപ്പണികള്‍ പൂര്‍ത്തിയാക്കി ഈ തിയറ്ററുകളും വൈകാതെ തുറക്കും. അതേസമയം പത്ത് മാസക്കാലത്തോളമായി റിലീസ് മുടങ്ങിക്കിടക്കുന്ന എണ്‍പതോളം മലയാള സിനിമകളും വരും മാസങ്ങളില്‍ തിയറ്ററുകളിലേക്ക് എത്തും. ഇതില്‍ സെന്‍സറിംഗ് പൂര്‍ത്തിയായ 40 സിനിമകളെങ്കിലും റിലീസിന് തയ്യാറെടുത്തതായാണ് സൂചന. ഇവ മുന്‍ഗണനാക്രമത്തിലാവും റിലീസ് ചെയ്യുക. ഇതിനകം റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്ന മലയാള സിനിമകള്‍ ഇവയാണ്. 

വെള്ളം

തിയറ്ററുകള്‍ തുറന്നതിനു ശേഷമുള്ള മലയാളത്തിലെ ആദ്യ റിലീസ് ഈ ചിത്രമാണ്. 'ക്യാപ്റ്റനു' ശേഷം ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടുമൊന്നിക്കുന്ന ചിത്രം. മദ്യാസക്തിയുള്ള 'മുരളി' എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിനു വേണ്ടി ജോസ്‍കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. റിലീസ് ഈ മാസം 22ന്.



 

വാങ്ക്

അനശ്വര രാജനെ നായികയാക്കി കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം. ഉണ്ണി ആറിന്റെ കഥയ്ക്ക് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത് ശബ്‌ന മുഹമ്മദ് ആണ്. സംഗീതം ഔസേപ്പച്ചന്‍. ഛായാഗ്രഹണം അര്‍ജുന്‍ രവി. പ്രമുഖ സംവിധായകന്‍ വി കെ പ്രകാശിന്റെ മകളാണ് കാവ്യ പ്രകാശ്. 7 ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'വാങ്കി'ല്‍ വിനീത്, ജോയ് മാത്യു, നന്ദന വര്‍മ്മ, ഗോപിക രമേശ് തുടങ്ങിയവരും അഭിനയിക്കുന്നു. റിലീസ് ഈ മാസം 29ന്.

ലവ്

മമ്മൂട്ടി നായകനായെത്തിയ ശ്രദ്ധേയ ചിത്രം 'ഉണ്ട'യ്ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം. യുഎഇയിലും ജിസിസിയിലും ചിത്രം ഒക്ടോബര്‍ 15ന് റിലീസ് ചെയ്തിരുന്നു. ജിഷ വിജയനും ഷൈന്‍ ടോം ചാക്കോയുമാണ് നായികാ നായകന്മാര്‍. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നു. റിലീസ് ഈ മാസം 29ന് തന്നെ.

ഓപ്പറേഷന്‍ ജാവ

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം. ബാലു വര്‍ഗീസ്, ഇര്‍ഷാദ്, ബിനു പപ്പു, സുധി കോപ്പ, ദീപക് വിജയന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്. എഡിറ്റിംഗ് നിഷാദ് യൂസഫ്. റിലീസ് ഫെബ്രുവരി 12ന്.

മരട് 357

മരട് ഫ്ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം. ദിനേശ് പള്ളത്ത് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവി ചന്ദ്രനാണ്. എഡിറ്റിംഗ് വി ടി ശ്രീജിത്ത്. സംഗീതം 4 മ്യൂസിക്. നൃത്തസംവിധാനം ദിനേശ് മാസ്റ്റര്‍. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. റിലീസ് ഫെബ്രുവരി 19ന്.

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം

കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവെക്കേണ്ടിവന്നവയില്‍ ഏറ്റവും വലിയ ചിത്രം. മലയാളത്തില്‍ ഇതുവരെയുണ്ടായവയില്‍ ഏറ്റവുമുയര്‍ന്ന ബജറ്റിലാണ് (100 കോടി) ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയത്തുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്കാണ് നേരത്തെ വിറ്റുപോയിരുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്. റിലീസ് മാര്‍ച്ച് 26ന്.

click me!