Latest Videos

പക്ഷാഘാതത്തിൽ കേൾവി നഷ്ടമായി, ശ്രവണ സഹായിക്ക് വേണ്ടത് 7ലക്ഷം; ഒടുവിൽ ശുഭയ്ക്കായി കൈകോർത്ത് 'സമം'

By Web TeamFirst Published Apr 9, 2024, 5:56 PM IST
Highlights

മികച്ച നാടക പിന്നണി ഗായികക്കുള്ള സംസ്ഥാന അവാർഡ് അഞ്ചു തവണ ശുഭയെ തേടി എത്തിയിട്ടുണ്ട്.

കരുനാ​ഗപ്പള്ളി: കേൾവി നഷ്ടമായ ​ഗായിക ശുഭയ്ക്ക് സഹായഹസ്തവുമായി മലയാള ചലച്ചിത്ര പിന്നണിഗായകരുടെ സംഘടനയായ സമം.  കരുനാഗപ്പള്ളി ശ്രീരാഗ് സ്റ്റുഡിയോയിൽ വച്ച് സമം ഭാരവാഹികൾ ശുഭയ്ക്ക് ശ്രവണസഹായ യന്ത്രം കൈമാറി. സമം പ്രസിഡന്റ് സുദീപ് കുമാർ, ജനറൽ സെക്രട്ടറി രവിശങ്കർ, ഭരണസമിതി അംഗങ്ങളായ ജി. ശ്രീറാം,അൻവർ സാദത്ത്, സംഗീതസംവിധായകൻ അഞ്ചൽ ഉദയകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശ്രവണ സഹായി കൈമാറിയത്. 

ശ്രവണ സഹായി കൈമാറിയതിന് പിന്നാലെ ബി.കെ. ഹരിനാരായണൻ എഴുതി വിജേഷ് ഗോപാൽ സംഗീതം പകർന്ന കൃഷ്ണഭക്തിഗാനം ശുഭയുടെ ശബ്ദത്തിൽ റെക്കോഡ് ചെയ്തു. ഗാനം വിഷുദിനത്തിൽ പ്രമുഖരായ 20ൽ പരം ചലച്ചിത്ര പിന്നണിഗായകരുടെ ഫേസ്ബുക് പേജുകളിലൂടെ സമത്തിന്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും.

ഒരു വർഷം മുൻപുണ്ടായ പക്ഷാഘാതത്തെ തുടർന്നാണ് ശുഭയ്ക്ക് കേൾവിശക്തിക്ക് തകരാറു സംഭവിച്ചത്. ഒടുവിൽ സം​ഗീത രം​ഗത്ത് നിന്നുതന്നെ ശുഭയ്ക്ക് മാറി നിൽക്കേണ്ടി വന്നു.  ഇ എൻ ടി ഡോക്ടർ സുനിൽ മാത്യുവിന്റെ നിരീക്ഷണത്തിൽ വിദേശനിർമ്മിത ശ്രവണസഹായി ഉപയോഗിച്ച് കേൾവിക്കുറവ് പൂർണമായി പരിഹരിക്കാനാവും എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഏഴ് ലക്ഷത്തോളം വിലയുള്ള ഈ ഉപകരണം വാങ്ങുന്നതിന് ശുഭയ്ക്ക്  സാമ്പത്തികസ്ഥിതി ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ ഗായികയെ സംഗീതരംഗത്ത് തിരികെ കൊണ്ടുവരാൻ മലയാള ചലച്ചിത്ര പിന്നണിഗായകരുടെ സംഘടനയായ സമം മുൻകൈ എടുത്ത് ശ്രവണസഹായി വാങ്ങി നൽകുക ആയിരുന്നു.

ഇനി രണ്ടുനാൾ; റിലീസിന് മുൻപ് 'വർഷങ്ങൾക്കു ശേഷ'ത്തെ വീഴ്ത്തി 'ആവേശം', വിഷു ആർക്കൊപ്പമാകും ?

മലയാള നാടക പിന്നണി ഗാനരംഗത്ത് നിറഞ്ഞു നിന്നിരുന്ന ഗായികയാണ് ശുഭ രഘുനാഥ്. മികച്ച നാടക പിന്നണി ഗായികക്കുള്ള സംസ്ഥാന അവാർഡ് അഞ്ചു തവണ (2010, 2016, 2017,2018,2022) ശുഭയെ തേടി എത്തിയിട്ടുണ്ട്. ഒട്ടനവധി ഭക്തിഗാന ആൽബങ്ങളിലും ഏതാനും ചലച്ചിത്രങ്ങളിലും ശുഭ പാടിയിട്ടുണ്ട്.

tags
click me!