'ഉണ്ണി മുകുന്ദന് ഇതിൽ പങ്കുണ്ടെന്ന് എനിക്ക് സംശയമുണ്ട്'; പ്രതികരിച്ച് സംവിധായകൻ വിഷ്ണു ശശിശങ്കർ

Published : Apr 23, 2026, 05:52 PM IST
Vishnu Sasi Shankar against Unni Mukundan

Synopsis

Malikappuram movie director Vishnu Sasi Shankar allegations against Unni Mukundan തനിക്ക് സംവിധാനം അറിയില്ലെങ്കിൽ എന്തിനാണ് 'സുമതി വളവ് 2' ചെയ്യാൻ സമീപിച്ചതെന്ന് വിഷ്ണു ചോദിച്ചു. നിലവിലെ വിവാദങ്ങൾക്ക് പിന്നിൽ നടൻ ഉണ്ണി മുകുന്ദന് പങ്കുണ്ടെന്ന് താൻ സംശയിക്കുന്നതായും വിഷ്ണു വെളിപ്പെടുത്തി.

സുമതി വളവ്, മാളികപ്പുറം സിനിമകളുമായി ബന്ധപ്പെട്ട് നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായിരുന്നു. തനിക്ക് ഒരുപാട് ചതികൾ പറ്റിയെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയാണെന്നും പറഞ്ഞ് പൊട്ടിക്കരയുന്ന മുരളിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ 2 കോടി രൂപയുടെ നഷ്ടം വന്നുവെന്നും, സുമതി വളവ് എന്ന ചിത്രം കാരണം 7 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മുരളി പറഞ്ഞിരുന്നു. കൂടാതെ മാളികപ്പുറം സിനിമ സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദൻ ആണെന്നും വിഷ്ണുവിന് സംവിധാനം അറിയില്ലെന്നും മുരളി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മുരളിയുടെ ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം സംവിധായകൻ. തനിക്ക് സംവിധാനം അറിയില്ലെന്ന് പറഞ്ഞിട്ട് പിന്നെ എന്തിനാണ് സുമതി വളവ് 2 ചെയ്യാൻ തന്നെ സമീപിച്ചത് എന്നാണ് വിഷ്ണു ശശിശങ്കർ ചോദിക്കുന്നത്. സിനിമയിൽ നിന്ന് സാമ്പത്തികമായി താനൊന്നും നേടിയിട്ടില്ലെന്നും, ഇതിപ്പോൾ കുറച്ച് ചീത്തപ്പേര് ആയെന്നും വിഷ്ണു പറയുന്നു.

തനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയ വ്യക്തിയാണ് ഉണ്ണി മുകുന്ദനെന്നും, ഉണ്ണി മുകുന്ദൻ തന്റെ സിനിമ ചെയ്യാൻ സമ്മതിക്കില്ല എന്ന് പറഞ്ഞത് മുരളി കുന്നുംപുറം ആണെന്നും ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ഉണ്ണി മുകുന്ദന് പങ്കുണ്ടെന്ന് തനിക്ക് സംശയമുണ്ടെന്നും വിഷ്ണു കൂട്ടിച്ചേർത്തു.

"എനിക്ക് സംവിധാനം അറിയില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന. പിന്നെ എന്തിനാണ് ചേട്ടാ സുമതി വളവ് 2 ചെയ്യാൻ എന്നെ വിളിക്കുന്നത്? എന്റെ ഒരു സുഹൃത്തിന്റെ കയ്യിൽ ഒരു ഐഡിയ കേട്ടപ്പോൾ എന്നെയും ആ സുഹൃത്തിനെയും വൈറ്റിലയിലെ ഓഫിസിൽ വിളിച്ചു വരുത്തി അഡ്വാൻസ് തന്നത് എന്തിനാണ്? ആദ്യം ചെയ്ത പടത്തിന്റെ തന്നെ പ്രതിഫലം കിട്ടിയിട്ടില്ല. എനിക്ക് തന്ന പണം ശരിക്കും പോസ്റ്റ് പ്രോഡക്ഷന് ചെലവായതാണ്. അതാണ് എന്റെ ശമ്പളമായി അദ്ദേഹം കാണിച്ചിരിക്കുന്നത്. സിനിമയിൽ നിന്ന് സാമ്പത്തികമായി ഞാനൊന്നും നേടിയിട്ടില്ല. ഇപ്പോൾ കുറച്ച് ചീത്തപ്പേര് ആയി." വിഷ്ണു പറയുന്നു.

"മാളികപ്പുറം എന്റെ ആദ്യ സിനിമ ആയിരുന്നു. എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയ വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. അങ്ങനെയല്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. ആ ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവരും അതുപോലെ എന്നെ പിന്തുണച്ചിട്ടുണ്ട്. ഞാനും ഉണ്ണിയും തമ്മിലുള്ള പ്രശ്നം എന്താണെന്നു വച്ചാൽ, ഒന്നു രണ്ട് അഭിപ്രായവ്യത്യാസങ്ങൾ വന്നപ്പോൾ ഞാനത് വേണ്ട എന്ന് തീർത്തു പറഞ്ഞു. ഞാനങ്ങനെ നോ പറയുമെന്ന് അദ്ദേഹം വിചാരിച്ചില്ല. ആ അഭിപ്രായവ്യത്യാസം ഇപ്പോഴും അദ്ദേഹം മനസ്സിൽ സൂക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. മറ്റുള്ളവർ പറഞ്ഞാണ് ഇതെല്ലാം അറിയുന്നത്. നേരിട്ട് പോയി ഞാൻ ചോദിച്ചിട്ടില്ല. ഉണ്ണി മുകുന്ദൻ നിന്റെ പടം ചെയ്യാൻ സമ്മതിക്കില്ല എന്നു പറഞ്ഞത് മുരളി ചേട്ടനാണ്. അത് ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപാണ്. ഇപ്പോൾ കാണിക്കുന്ന ഈ കാര്യങ്ങൾ ആരുടെ പിന്തുണ കൊണ്ടാണെന്ന് ആർക്കും ഊഹിക്കാൻ കഴിയുന്നതാണ്. എനിക്ക് ഇക്കാര്യം ഉറപ്പിച്ചു പറയാൻ കഴിയില്ല. എന്നാൽ ഉണ്ണി മുകുന്ദന് ഇതിൽ പങ്കുണ്ടെന്ന് എനിക്ക് സംശയം ഉണ്ട്." വിഷ്ണു കൂട്ടിച്ചേർത്തു. ഇന്ന് നടന്ന പ്രസ് മീറ്റിനിടെയായിരുന്നു വിഷ്ണുവിന്റെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പേട്രിയറ്റി'ല്‍ എന്തുകൊണ്ട് മോഹന്‍ലാല്‍? ആദ്യം സജസ്റ്റ് ചെയ്തത് ആര്? വെളിപ്പെടുത്തി മമ്മൂട്ടി
"ഉണ്ണി മുകുന്ദന്റെ വിജയിച്ച ചിത്രങ്ങളൊക്കെ അദ്ദേഹം സംവിധാനം ചെയ്തത് ആവുന്ന ട്രെൻഡ് എന്താണെന്ന് എനിക്ക് അറിയില്ല": അഭിലാഷ് പിള്ള