പൃഥ്വിയും സംഘവും നിലവില്‍ സുരക്ഷിതര്‍, സര്‍ക്കാര്‍‌ സഹായിക്കുമെന്ന് പ്രതീക്ഷ: മല്ലിക സുകുമാരന്‍

By Web TeamFirst Published Apr 2, 2020, 6:29 PM IST
Highlights

കൊവിഡ് 19ന്‍റെ സാഹചര്യത്തില്‍ ആഗോളതലത്തില്‍ തന്നെ ലോക്ക് ഡൌണുകള്‍ നിലനില്‍ക്കുന്നതിനിടെ പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനില്‍ കുടുങ്ങിയ വിവരം ഇന്നലെയാണ് പുറത്തെത്തിയത്.

'ആടുജീവിത'ത്തിന്‍റെ ചിത്രീകരണത്തിനിടെ ജോര്‍ദ്ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും ബ്ലെസ്സിയും സംഘവും ഇപ്പോള്‍ സുരക്ഷിതരാണെന്ന് പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍. സിനിമാ സംഘത്തിനുവേണ്ടി മാത്രമായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നും നിയമവിരുദ്ധമായ ഒരു കാര്യം പൃഥ്വിക്കുവേണ്ടി ചെയ്തു എന്നു വരുന്നതിനോട് തനിക്ക് അഭിപ്രായമില്ലെന്നും മല്ലിക സുകുമാരന്‍ പ്രതികരിച്ചു.

'വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഇങ്ങനെ ഒരു കാര്യം പ്രത്യേകമായി ചെയ്യുന്നതിലും എനിക്ക് സന്തോഷം അവര്‍ അവിടെ സന്തോഷമായി ഇരിക്കുന്നതാണ്. ഈ പറയുന്ന സമയത്തിനുള്ളില്‍ വിസാ കാലാവധി കഴിഞ്ഞാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണം എന്നതാണ് അവരുടെ മുഖ്യ ആവശ്യം', മല്ലിക സുകുമാരന്‍ പറയുന്നു.

നിലവില്‍ പൃഥ്വിയും സംഘവും സുരക്ഷിതരാണെന്നും ഭക്ഷണത്തിനോ താമസത്തിനോ ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയില്ലെന്നും അവര്‍ പറയുന്നു. 'വിസ കാലാവധി തീരുന്നതാണ് പ്രശ്നം. ഈ ഘട്ടത്തില്‍ സര്‍ക്കാരുള്‍പ്പെടെ സഹായിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്നെ നേരിട്ട് വിളിച്ചിരുന്നു. ഭക്ഷണത്തിനോ താമസത്തിനോ വിസാ സംബന്ധമായോ അവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അതിനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു', മല്ലിക സുകുമാരന്‍ പറയുന്നു.

കൊവിഡ് 19ന്‍റെ സാഹചര്യത്തില്‍ ആഗോളതലത്തില്‍ തന്നെ ലോക്ക് ഡൌണുകള്‍ നിലനില്‍ക്കുന്നതിനിടെ പൃഥ്വിരാജും സംഘവും ജോര്‍ദ്ദാനില്‍ കുടുങ്ങിയ വിവരം ഇന്നലെയാണ് പുറത്തെത്തിയത്. സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍മാരോട് നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം തുടരാനാകില്ലെന്ന് അവിടുത്തെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. ഏപ്രില്‍ എട്ടിനുള്ളില്‍ ഇവരുടെ വിസാ കാലാവധി അവസാനിക്കും. അതിനാല്‍ തിരികെയെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ സവിശേഷ സാഹചര്യത്തില്‍ അന്തര്‍ദേശീയ വിമാന സര്‍വ്വീസുകളെല്ലാം നിര്‍ത്തിയിരിക്കെ സിനിമാ സംഘത്തെ ഉടന്‍ തിരികെയെത്തിക്കുക പ്രായോഗികമല്ലെന്നും അതേസമയം വിസാ കാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചതായും മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. 

click me!