
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നതിന് മുന്‍പ് തന്നെ മികച്ച നടനുള്ള അവാര്‍ഡ് സാധ്യതകളില്‍ ഏറ്റവുമധികം പറയപ്പെട്ട പേര് മമ്മൂട്ടിയുടേത് ആയിരുന്നു. അത് തന്നെ സംഭവിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്‍റെ ബെസ്റ്റ് ആക്റ്റര്‍ അവാര്‍ഡ് ആറാം തവണയാണ് മമ്മൂട്ടിക്ക് ലഭിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അസാധ്യ പ്രകടനത്തിനായിരുന്നു ഇത്തവണത്തെ പുരസ്കാരം. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. അടുത്ത സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും നേരിട്ടും. ഇപ്പോഴിതാ മമ്മൂട്ടിയെ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് നടി പ്രാചി തെഹ്‍ലാന്‍.
മമ്മൂട്ടി നായകനായ മാമാങ്കത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു പ്രാചി. ഒരിക്കല്‍ക്കൂടി നേരില്‍ കണ്ടപ്പോഴത്തെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പങ്കുവച്ചിട്ടുണ്ട്. "നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു ഫാന്‍ മൊമന്‍റ്. കൊച്ചിയില്‍ ഉള്ളപ്പോള്‍ അദ്ദേഹത്തെ ഒന്ന് ചെന്ന് കണ്ട് അഭിനന്ദനം അറിയിക്കാതിരിക്കുന്നത് എങ്ങനെ? അദ്ദേഹത്തിന്റെ അടുത്ത് ആയിരിക്കുമ്പോള്‍ നമ്മുടെ ചുണ്ടില്‍ നിന്ന് പുഞ്ചിരി മായില്ല. അദ്ദേഹത്തോട് ഒരു ആരാധനയോടെയാവും നമ്മള്‍ നില്‍ക്കുക. ഒരു ഹഗ് ഞാന്‍ ചോദിച്ചു. എനിക്കത് കിട്ടുകയും ചെയ്തു", ചിത്രത്തിനൊപ്പം പ്രാചി ട്വിറ്ററില്‍ കുറിച്ചു.
മമ്മൂട്ടിയുടെ സമീപകാല അഭിനയജീവിതത്തിലെ മികച്ച വര്‍ഷങ്ങളിലൊന്നായിരുന്നു 2022. ഭീഷ്മപര്‍വ്വം, സിബിഐ 5, പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നിവയായിരുന്നു അഭിനയിച്ച് പുറത്തെത്തിയ ചിത്രങ്ങള്‍. നന്‍പകലിന്‍റെ തിയറ്റര്‍ റിലീസ് ജനുവരിയില്‍ ആയിരുന്നെങ്കിലും ഡിസംബറില്‍ നടന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ചിത്രം പ്രീമിയര്‍ ചെയ്യപ്പെട്ടിരുന്നു. കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.
ALSO READ : ബജറ്റ് 5 കോടി; കളക്ഷനില്‍ ബോളിവുഡിനെയും ഞെട്ടിച്ച് ഈ മറാഠി ചിത്രം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക