
വി ഡി സതീശന്‍റെ ചുമലില്‍ എത്തിയിരിക്കുന്നത് വലിയ ഉത്തരവാദിത്തമെന്ന് മമ്മൂട്ടി. മുഖ്യമന്ത്രി ആയതിന് ശേഷം അദ്ദേഹത്തിന് കൊച്ചി പൗരാവലി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. സിനിമയില്‍ താന്‍ മുഖ്യമന്ത്രിയായി പലവട്ടം അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി ആയി ഇരിക്കുന്നത് നല്ല ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മമ്മൂട്ടി പറഞ്ഞു.
“നമ്മുടെ ജില്ലയില്‍ നിന്ന് ആദ്യമായിട്ട് ഒരു മുഖ്യമന്ത്രി ഉണ്ടാവുകയാണ്. ഞാന്‍ രണ്ട് മൂന്ന് സിനിമകളില്‍ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. തമിഴ്നാടിന്‍റെയും ആന്ധ്ര പ്രദേശിന്‍റെയും കേരളത്തിന്‍റെയുമൊക്കെ മുഖ്യമന്ത്രിയായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കുന്നത് വളരെ കുറച്ച് കാലത്തേക്ക് ആണ്. അഭിനയം പരിചയം കൊണ്ട് കുറച്ചുകൂടി എളുപ്പമാകാവുന്ന ഒരു കാര്യവുമാണ്. പക്ഷേ യഥാര്‍ഥത്തില്‍ ഒരു മുഖ്യമന്ത്രിയായി ഇരിക്കുക എന്നുള്ളത് നല്ല ബുദ്ധിമുട്ട് പിടിച്ച പണിയാണ്. വലിയൊരു ഉത്തരവാദിത്തമാണ് നമ്മുടെ മുഖ്യമന്ത്രി ശ്രീ സതീശന്‍ അവര്‍കളുടെ ചുമലില്‍ എത്തിയിരിക്കുന്നത്. വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ഒരു പ്രവര്‍ത്തിയാണ്. എല്ലാത്തരം ജനങ്ങളെയും സന്തോഷിപ്പിക്കുകയും എല്ലാ ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും എല്ലാവരെയും കേള്‍ക്കുകയും അവരോട് സംസാരിക്കുകയും ചെയ്യേണ്ട ഒരു പ്രവര്‍ത്തി തന്നെയാണ്. മന്ത്രിമാരെ നിയന്ത്രിക്കുകയും മന്ത്രിമാരുടെ നേതൃത്വം വഹിക്കുകയും ചെയ്യേണ്ട ചുമതലയാണ്. ഒരു സംസ്ഥാനത്തിന്‍റെ എല്ലാ കാര്യങ്ങളുടെയും ചുമതല മുഖ്യമന്ത്രിക്കാണ്. അത് വളരെ നീതിപൂര്‍വ്വം നിര്‍വ്വഹിക്കേണ്ട വരുംകാലങ്ങളിലെ നമ്മുടെ മുഖ്യമന്ത്രിക്ക് എല്ലാ അനുമോദനങ്ങളും അര്‍പ്പിക്കുകയും മുന്നോട്ടുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉത്സാഹപൂര്‍വ്വവും നീതിപൂര്‍വ്വവുമായി നടത്താന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.”
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബനും പങ്കെടുത്തു. വിഡി സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ചു. കൊച്ചിക്കാരോടൊപ്പം, മലയാളികളോടൊപ്പം താനും സന്തോഷിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയുള്ള ഭരണം ആകട്ടെയെന്നും കുഞ്ചാക്കോ ബോബൻ ആശംസിച്ചു. വിജയം സമ്മാനിച്ചവർക്ക് നന്ദിയുണ്ടെന്നും കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും അഭിപ്രായം പറഞ്ഞശേഷം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണെന്ന് രമേശ് പിഷാരടി എംഎൽഎ പറഞ്ഞു. ജീവിതത്തിലെ ധന്യമായ മുഹൂർത്തമാണിതെന്നും അധികാരത്തിന്റെ പത്രാസിൽ വീണുപോകരുതെന്നും വിഡി സതീശൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. "ഇത് ദൈവീകമായ നിയോഗമാണ്. മാറ്റം ഉണ്ടാക്കാൻ കഴിയും, എനിക്ക് വിശ്വാസം ഉണ്ട്. ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ടീം ആയി മുന്നോട്ട് പോകണം. കേരളത്തിൻറെ സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. ഞാൻ ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയായാണ്. സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം നടക്കും. ബഹുനില കെട്ടിടങ്ങൾ വരിക എന്നുള്ളതല്ല വികസനം. ജനങ്ങളുടെ ജീവിത നിലവാരത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകണം. കേരളം സെക്കുലർ ആയി നിലനിൽക്കണം. അതിൽ ഒരു വിട്ടു വീഴ്ചയും ഇല്ല. ആരും വർഗീയത പറയരുത്. രാജ്യത്തിനു മാതൃകയായ നഗരമായി കൊച്ചി മാറണം:. സിനിമ രംഗത്ത് ഈ സർക്കാർ ഒരു കയ്യൊപ്പിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ