
മാര്‍ക്കോ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയായ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിനൊപ്പം കൈ കോര്‍ക്കാന്‍ മമ്മൂട്ടി. മാര്‍ക്കോയ്‍ക്ക് ശേഷം ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രം ആന്‍റണി വര്‍ഗീസ് നായകനാവുന്ന കാട്ടാളന്‍ ആണ്. ഇതിന് ശേഷമാവും മമ്മൂട്ടി ചിത്രം വരിക. മമ്മൂട്ടിയും യുവ നിർമ്മാതാവ് ഷെരീഫ് മുഹമ്മദും ആദ്യമായി ഒരുമിക്കുന്ന പുതിയ സിനിമയുടെ തയ്യാറെടുപ്പുകൾ തുടങ്ങിയതായി ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് അറിയിച്ചു. മമ്മൂട്ടിയെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമായാണ് ചിത്രത്തില്‍ കാണാന്‍ സാധ്യതയെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
ഹനീഫ് അദേനിയുടെ സംവിധാനത്തിലെത്തിയ മാര്‍ക്കോ പാന്‍ ഇന്ത്യന്‍ ശ്രദ്ധയും വലിയ സാമ്പത്തിക വിജയവും നേടിയ ചിത്രമായിരുന്നു. മലയാളത്തിലെ ഏറ്റവും വയലന്‍റ് ആയ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയത് ഉണ്ണി മുകുന്ദന്‍ ആയിരുന്നു. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ട്രെന്‍ഡ് ആയിരുന്നു ചിത്രം. അവിടെനിന്ന് മികച്ച കളക്ഷനും നേടിയിരുന്നു. ആക്ഷന്‍, വയലന്‍റ് രംഗങ്ങളിലെ പരീക്ഷണങ്ങളും മൊത്തത്തിലുള്ള വിഷ്വല്‍ പാക്കേജിംഗുമാണ് ചിത്രത്തെ ശ്രദ്ധേയമാക്കിയത്. ഉണ്ണി മുകുന്ദനൊപ്പം സിദ്ദിഖ്, ജഗദീഷ്, കബീര്‍ ദുഹാന്‍ സിംഗ്, അഭിമന്യു ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ കൈയടി നേടിയിരുന്നു. കലൈ കിംഗ്സണ് ആയിരുന്നു ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.
അതേസമയം ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ അടുത്ത ചിത്രമായ കാട്ടാളന്‍ സംവിധാനം ചെയ്യുന്നത് ആന്‍സണ്‍ പോള്‍ ആണ്. ആന്‍റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരെയും ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളെയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തിവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ ആന്‍റണി വർഗീസ് എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ് ബാക്ക് 2, ബാഹുബലി 2, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡ്‍കെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ