ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞതിന് വര്‍ഗീയമായ കാരണങ്ങളും ഉണ്ടാവാമെന്ന പരാമർശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി എ ആര്‍ റഹ്‍മാന്‍.
അടുത്തിടെ നല്‍കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ വാര്‍ത്തയും വിവാദവും സൃഷ്ടിച്ചതിന് പിന്നാലെ പ്രതികരണവുമായി എ ആര്‍ റഹ്‍മാന്‍. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ബോളിവുഡിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞെന്നും സര്‍ഗാത്മകത ഇല്ലാത്തവരുടെ കൈകളിലാണ് അധികാരമെന്നും ചിലപ്പോഴൊക്കെ അതിന് വർഗ്ഗീയമാനമുണ്ടായേക്കാമെന്നും റഹ്‌മാൻ പറഞ്ഞിരുന്നു. ഇത് ചില കോണുകളില്‍ നിന്ന് വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ബോളിവുഡ് താരം കങ്കണ റണൗത്തിനെപ്പോലെയുള്ളവര്‍ റഹ്‍മാനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി റഹ്‍മാന്‍ എത്തിയിരിക്കുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തിറക്കിയ വീഡിയോയിലാണ് റഹ്‍മാന്‍ തന്‍റെ ഭാഗം വിശദീകരിക്കുന്നത്.
എ ആര്‍ റഹ്‍മാന്‍ പറയുന്നു
“പ്രിയ സുഹൃത്തുക്കളെ, നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കാനും അതുമായി ഇടപെടാനും ആഘോഷിക്കാനും എന്‍റെ എക്കാലത്തെയും വഴി സംഗീതമായിരുന്നു. ഇന്ത്യയാണ് എന്‍റെ പ്രചോദനം, എന്‍റെ ഗുരുവും എന്‍റെ വീടും. നമ്മുടെ ഉദ്ദേശ്യം ചിലപ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന് ഞാന്‍ മനസിലാക്കുന്നു. ഈ സംസ്കാരത്തെ ബഹുമാനിക്കുകയും സേവിക്കുകയുമൊക്കെ എപ്പോഴും സംഗീതത്തിലൂടെ ചെയ്യുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം. ആരെയെങ്കിലും വേദനിപ്പിക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്റെ സത്യസന്ധത മനസിലാക്കുമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യക്കാരനായതില്‍ അനുഗ്രഹിക്കപ്പെട്ടതായി ഞാന്‍ കരുതുന്നു. വിഭിന്ന സംസ്കാരങ്ങളുടെ ശബ്ദം ആഘോഷിക്കാന്‍ സാധിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരിടം ലഭിച്ചത് അതിനാലാണ്. സംഗീത ജീവിതത്തിലെ ഓരോ യാത്രയും എന്‍റെ ലക്ഷ്യം നിറവേറ്റുന്നു. ഈ രാജ്യത്തോട് എന്നും കടപ്പാടുള്ളവനായിരിക്കും ഞാന്‍. ഭൂതകാലത്തെ ബഹുമാനിക്കുന്ന, വര്‍ത്തമാനകാലത്തെ ആഘോഷിക്കുന്ന, ഭാവിയെ പ്രചോദിപ്പിക്കുന്ന സംഗീതത്തിനായുള്ള സമര്‍പ്പണമായിരിക്കും എന്നും എന്‍റെ ജീവിതം. ജയ് ഹിന്ദ്”. താന്‍ ഭാഗഭാക്കായ വിവിധ പ്രോജക്റ്റുകളെക്കുറിച്ച് പറയുന്നതിനിടെ പ്രധാനമന്ത്രി ഉള്‍പ്പെടെ പങ്കെടുത്ത വേവ്സ് സമ്മിറ്റിന്‍റെ ഭാഗമായതിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലെ റഹ്‍മാന്‍റെ പരാമര്‍ശങ്ങളാണ് നേരത്തെ വാര്‍ത്താപ്രാധാന്യം നേടിയത്. കഴിഞ്ഞ എട്ടുവർഷമായി, അധികാരഘടനയിൽ മാറ്റമുണ്ടായിട്ടുണ്ട്, സർഗാത്മകതയില്ലാത്തവരുടെ കൈയിലാണ് അധികാരം. അതിന് വർഗീയ മാനവുമുണ്ടാകാം. 'അവർ നിങ്ങളെ തീരുമാനിച്ചു, പക്ഷേ മ്യൂസിക് കമ്പനികൾ അവരുടെ അഞ്ച് സംഗീതസംവിധായകരെ ഉൾപ്പെടുത്തി' എന്നൊക്കെ അഭ്യൂഹങ്ങളായി എന്റെ കാതിൽ എത്താറുണ്ട്. പക്ഷേ, ഞാൻ സന്തോഷവാനാണ്, എനിക്ക് കുടുംബത്തോടൊപ്പം ചെലവിടാൻ കൂടുതൽ സമയം ലഭിക്കും. ഞാൻ ഇപ്പോൾ ജോലി തിരഞ്ഞുനടക്കുകയല്ല, എനിക്ക് ജോലി തിരഞ്ഞുപോകേണ്ടതില്ല. ജോലി എന്നെ തേടി വരണം. ഞാൻ അർഹിക്കുന്നതെന്തോ എനിക്ക് ലഭിക്കും, റഹ്‍മാന്‍ പറഞ്ഞിരുന്നു.



