
ഇന്നത്തെ കാലത്ത് ഒരു സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം ആണ് മൗത്ത് പബ്ലിസിറ്റി. ആദ്യദിനം ആദ്യഷോ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകരിൽ നിന്നും തുടങ്ങുന്നു ആ അംഗീകാരം. ഒരു സിനിമയുടെ ഭാവി നിശ്ചയിക്കപ്പെടുന്നത് ഈ പ്രേക്ഷക പ്രതികരണങ്ങളിലൂടെ ആണ്. അത്തരത്തിൽ ആദ്യദിനം മുതൽ പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമകൾ സമീപകാലത്ത് മലയാളത്തിൽ വർദ്ധിച്ചു വരികയാണ്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂർ സ്ക്വാഡ്. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടുകയാണ്.
നാല് പേരടങ്ങിയ കണ്ണൂർ സ്ക്വാഡിന്റെ സന്തത സഹചാരിയായ ഒരു വണ്ടിയുണ്ട്. ഈ ടാറ്റാ സുമ വണ്ടിയും ചിത്രത്തിലെ പ്രധാന കഥാപാത്രം തന്നെയാണ്. അവസാന ഭാഗത്ത് ആ വണ്ടി അപകടത്തിൽപ്പെടുമ്പോൾ ജോർജിന് ഉണ്ടാകുന്ന, ആ നാൽവർ സംഘത്തിന് ഉണ്ടാകുന്ന അതേ വേദന പ്രേക്ഷകരും അനുഭവിച്ചു. സ്ക്വാഡിനൊപ്പം ഊണിലും ഉറക്കത്തിലും ഒപ്പം ഉണ്ടായിരുന്ന ആ വണ്ടി സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി.
കണ്ണൂർ സ്വക്വാഡിന്റെ തിരക്കഥകൃത്തുക്കളിൽ ഒരാളും സ്ക്വാഡിലെ അംഗങ്ങളിലും ഒരാളായ റോണി ഡേവിഡ് ആണ് ഇക്കാര്യം പറഞ്ഞത്. "രണ്ട് ടാറ്റാ സുമകളാണ് ഞങ്ങൾ ചിത്രത്തിനായി ഉപയോഗിച്ചത്. ഒരെണ്ണം പോയി കഴിഞ്ഞാൽ അടുത്തത് എന്ന നിലയ്ക്ക് ബാക്ക് പോലെ വച്ചിരുന്നു. റോബി(സംവിധായകൻ) വണ്ടിയും കൊണ്ട് നമ്മളില്ലാതെ പോയി ചില ഷോട്ടുകൾ എടുത്തിട്ടുണ്ട്. അതാണ് വണ്ടിയുടെ ചില കട്ടുകള്‍. നിലവിൽ ആ വണ്ടി മമ്മൂട്ടി കമ്പനിയിൽ ഉണ്ടാകും. അദ്ദേഹം അത് വാങ്ങി. ഇത്രയും ദിവസം ഷൂട്ട് ഉള്ളതല്ലേ. അപ്പോൾ വാങ്ങാത വഴിയില്ലല്ലോ", എന്നാണ് റോണി പറഞ്ഞത്. ക്ലബ് എഫ്എമ്മനോട് ആയിരുന്നു റോണിയുടെ പ്രതികരണം.
'തലമുറകളുടെ നായകൻ', ഈ വിശേഷണത്തിന് അർഹനായ മറ്റൊരു നടനില്ല, ഒരേയൊരു മമ്മൂട്ടി: അസീസ്
അതേസമയം, സെപ്റ്റംബർ 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച ബുക്കിംഗ് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കാലാവസ്ഥകളൊന്നും ബാധിക്കാതെ അവധി ദിവസങ്ങളിൽ അടക്കം വൻ തിരക്കാണ് തിയറ്ററുകളിൽ അനുഭവപ്പെടുന്നത്. ആവശ്യക്കാർ ഏറെ ആയതിനാൽ ലേറ്റ് നൈറ്റ് ഷോകളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. നവാഗതനായ റോബി വർഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..