മൂന്നാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് മമ്മൂട്ടിയുടെ പിറന്നാളോഘോഷം

By Web TeamFirst Published Sep 7, 2021, 6:41 PM IST
Highlights

മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ഒത്തുചേരല്‍

തന്‍റെ എഴുപതാം പിറന്നാളിന് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും ആശംസാപ്രവാഹം ലഭിക്കുമ്പോള്‍ മമ്മൂട്ടി കൊച്ചിയിലെ വീട്ടിലില്ല. മറിച്ച് കുടുംബാംഗങ്ങള്‍ക്കും സിനിമാ രംഗത്തെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം മൂന്നാറിലാണ് അദ്ദേഹം. നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, രമേശ് പിഷാരടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നീ സന്തത സഹചാരികള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഇവര്‍ക്കും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി ലളിതമായ പിറന്നാളാഘോഷം നടത്തിയത്. മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു ഒത്തുചേരല്‍. മമ്മൂട്ടിയും കുടുംബവും ഇന്നലെത്തന്നെ മൂന്നാറിലേക്ക് പോയിരുന്നു.

 

1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. സത്യനും പ്രേംനസീറും പ്രധാന കഥാപാത്രങ്ങളായി എത്തിയ കെ എസ് സേതുമാധവന്‍റെ 'അനുഭവങ്ങള്‍ പാളിച്ചകളി'ലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടായിരുന്നു അരങ്ങേറ്റം. പ്രേംനസീര്‍ നായകനായ 'കാലചക്രം' എന്ന ചിത്രത്തിലും മുഖം കാണിച്ചെങ്കിലും എംടിയുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്‍ത്, 1980ല്‍ പുറത്തെത്തിയ 'വില്‍ക്കാനുണ്ട് സ്വപ്‍നങ്ങളി'ലെ മാധവന്‍കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടിയെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത്. തൊട്ടടുത്ത വര്‍ഷം എംടിയുടെ തന്നെ തിരക്കഥയില്‍ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഐ വി ശശി ഒരുക്കിയ 'തൃഷ്‍ണ'യിലൂടെ മമ്മൂട്ടി നായകനായി. പിന്നീട് നടന്നത് ചരിത്രം. കരിയറില്‍ ഏഴ് സംസ്ഥാന അവാര്‍ഡുകളും മൂന്ന് ദേശീയ അവാര്‍ഡുകളും സ്വന്തമാക്കിയ മമ്മൂട്ടി നാനൂറിലധികം ചിത്രങ്ങളിലാണ് കാണികളെ വിസ്‍മയിപ്പിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!