
ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മോഹൻലാലിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. അർഹിച്ച ബഹുമതിയാണ് മോഹൻലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയെ ശ്വസിക്കുകയും അതില്‍ ജീവിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരനുള്ളതാണ് ഫാൽക്കെ പുരസ്കാരമെന്നും മമ്മൂട്ടി കുറിച്ചു.
"പതിറ്റാണ്ടുകളായി ഈ അത്ഭുതകരമായ സിനിമാ യാത്ര ആരംഭിച്ച ഒരു സഹപ്രവർത്തകൻ, ഒരു സഹോദരൻ, ഒരു കലാകാരൻ.. ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയെ ശ്വസിക്കുകയും അതിൽ ജീവിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരനുള്ളതാണ്. നിങ്ങളെ ഓർത്ത് വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട് ലാൽ.. ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്", എന്നായിരുന്നു മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഒട്ടനവധി പേരാണ് മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തുന്നത്. ‘രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച എന്റെ പ്രിയ സുഹൃത്ത്, മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ആശംസകൾ’, എന്നാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി പറഞ്ഞത്.
‘തലമുറകളെ പ്രചോദിപ്പിച്ചതിന് നന്ദി! നമ്മുടെ സ്വന്തം’, എന്നാണ് മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘സിനിമ മേഖലയിലെ ഏറ്റവും വലിയ അവാർഡ് ആയ ദാദാ സാഹേബ് ഫാൽകെ നമ്മുടെ ലാലേട്ടന്. ഹൃദയം നിറഞ്ഞ ആശംസകൾ ലാലേട്ടാ’, എന്ന് അഖില്‍ മാരാര്‍ കുറിച്ചു. ‘ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ പ്രിയപ്പെട്ട ലാലേട്ടന്, പ്രിയ സഹോദരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മലയാള സിനിമാ കുടുംബത്തിന് ഇത് അഭിമാനത്തിന്റെ നിമിഷം’, എന്നാണ് ആശംസ അറിയിച്ച് ദിലീപ് കുറിച്ചത്. അജു വര്‍ഗീസ്, നന്ദു, ജീത്തു ജോസഫ്, സുജാത മോഹന്‍ തുടങ്ങി ഒട്ടനവധി പേര്‍ മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.