
ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി നടൻ മോഹൻലാൽ. ഇത് വലിയ അംഗീകാരമാണെന്നും മലയാള സിനിമയ്ക്കും കൂടിയുള്ള നേട്ടമാണിതെന്നും മോഹൻലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നെ ഞാനാക്കി മാറ്റിയ സിനിമാ കുടുംബത്തോടും പ്രേക്ഷകരോടും നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
"ഒരുപാട് സന്തോഷം ഒരുപാട് നന്ദി. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് സെറ്റിൽ വച്ചാണ് പുരസ്കാര വിവരം ഞാൻ അറിയുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് ഞാനൊരു യാത്രയിലാണ്. മദ്രാസിലാണ്. എന്താ പറയേണ്ടതെന്ന് അറിയില്ല. എന്നെ തെരഞ്ഞെടുത്ത ജൂറിക്കും ഇന്ത്യാ ഗവൺമെന്റിനുമുള്ള നന്ദിയും ഞാൻ ആദ്യം അറിയിക്കുന്നു. എന്റെ പ്രേക്ഷകരോട് നന്ദി പറയുന്നു. എന്നെ ഞാനാക്കി മാറ്റിയ സിനിമാ കുടുംബത്തിലെ എല്ലാവർക്കും നന്ദി. ഇത് വലിയൊരു അംഗീകാരമാണ്. മലയാള സിനിമയ്ക്കുള്ള അംഗീകാരമാണ്. എന്നെ ഇഷ്ടപെടുന്ന എല്ലാവർക്കുമായി ഈ അംഗീകാരം ഞാൻ പങ്കുവയ്ക്കുകയാണ്. എത്രയോ മഹാരഥന്മാർ സഞ്ചരിച്ച വഴിയിലൂടെ സഞ്ചരിക്കുന്നൊരാളാണ് ഞാൻ. അതിന്റെ ഒരു ഭാഗമാകുക എന്നത് വലിയ ഭാഗ്യമായി ഞാൻ കാണുകയാണ്. ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങളാണ് സംഭവിക്കുന്നത്. ഈശ്വരനോടും മാതാപിതാക്കളോടും നന്ദി പറയുന്നു. വല്ലാത്തൊരു മൊമന്റാണ്. നമുക്കൊപ്പം സഞ്ചരിച്ച, വിട്ടുപോയ ഒരുപാട് കലാകാരന്മാരുണ്ട്. അവരെയൊക്കെ ഈ സമയം ഞാൻ ഓർക്കുകയാണ്", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ലാല്‍, ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അര്‍ഹനായത്. 2025 സെപ്തംബർ 23ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങില്‍ വച്ച് മോഹന്‍ലാലിന് പുരസ്കാരം കൈമാറും.