'വെളുത്ത പഞ്ചസാരയും കറുത്ത ചക്കരയും'; മമ്മൂട്ടിയുടെ പരാമര്‍ശത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

By Web TeamFirst Published Feb 6, 2023, 10:26 PM IST
Highlights

 ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ ഗ്രൂപ്പ് അഭിമുഖത്തിലെ മമ്മൂട്ടിയുടെ പരാമര്‍ശമാണ് ചര്‍ച്ചയായത്

ഭാഷാപ്രയോഗങ്ങളിലെ രാഷ്ട്രീയ ശരികളെയും ശരികേടുകളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതും മുന്നോട്ടുനീങ്ങിയതും സോഷ്യല്‍ മീഡിയയിലൂടെയാണ്. പൊതുപ്രവര്‍ത്തകരുടെയും സിനിമാ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളുടെയും പ്രസ്താവനകള്‍, സിനിമകളിലെ സംഭാഷണങ്ങള്‍ തുടങ്ങിയവ പലപ്പോഴും ഇത്തരത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ രാഷ്ട്രീയ ശരി/ശരികേടിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ചര്‍ച്ച മമ്മൂട്ടി അഭിമുഖത്തിനിടെ പറഞ്ഞ ഒരു തമാശയെച്ചൊല്ലിയാണ്. 

താന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ ഗ്രൂപ്പ് അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയോട് മമ്മൂട്ടി ചക്കരയാണെന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ എന്ന് ഒരാള്‍ ചോദിക്കുന്നു. മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാവോ? ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? ഞാന്‍ തിരിച്ചു പറഞ്ഞാല്‍ എങ്ങനെയുണ്ടാവും, കരുപ്പെട്ടിയെന്ന്?, എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടിയുടെ പ്രതികരണം.

ALSO READ : ഉണ്ണി മുകുന്ദന്‍റെ 100 കോടി ക്ലബ്ബ് ചിത്രം ഒടിടിയിലേക്കും; 'മാളികപ്പുറം' റിലീസ് പ്രഖ്യാപിച്ചു

ഈ അഭിപ്രായ പ്രകടനം റേസിസം നിറഞ്ഞതാണെന്നും രാഷ്ട്രീയ ശരികേട് ആണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുമ്പോള്‍ ഒരു തമാശയെ ഈ തരത്തില്‍ വ്യാഖ്യാനിക്കേണ്ടതുണ്ടോ എന്ന് മറുവിഭാഗം വാദിക്കുന്നു. തമാശകളെന്ന പേരില്‍ മുന്‍കാലത്ത് സ്വാഭാവികമായി പറയപ്പെട്ട പലതിലെയും ശരികേടുകള്‍ നീക്കേണ്ടതാണെന്ന ബോധ്യമാണ് പുതുകാലം നല്‍കുന്നതെന്നും അത്തരം പ്രയോഗങ്ങളെ മാറ്റി മാത്രമേ പുരോഗമിക്കുന്ന ഒരു സമൂഹത്തിന് മുന്‍പോട്ട് പോകാനാവൂ എന്നുമാണ് വിമര്‍ശകരുടെ അഭിപ്രായം.

മുന്‍പ് സംവിധായകന്‍ ജൂഡ് ആന്‍റണിയെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശത്തില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു വിമര്‍ശനം. സംവിധായകൻ 'ജൂഡ് ആന്റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള  ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ  ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി, പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടി പറഞ്ഞിരുന്നു.

click me!