
കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി. കരൂരിലെ ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം അനുഭവിക്കുന്നുവെന്നും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനമെന്നും, പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖപ്രാപ്തിയും നേരുന്നുവെന്നും മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.
തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് അൽപ്പസമയം മുൻപ് മരിച്ചത്. ഇയാൾ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയിരുന്നു. ശേഷം വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 111 ഓളെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. അതേസമയം, മരിച്ചവരിൽ 39 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കരൂരിൽ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിച്ച ദുരന്തമുണ്ടായത്.
തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചിരുന്നു. അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‍യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ടിവികെ തീരുമാനിച്ചു
ഇന്ന് തന്നെ ജഡ്ജിയുടെ വസതിയിൽ എത്തി അപേക്ഷ നൽകിയേക്കും. സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെടും. ടിവികെ നേതാക്കളുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും. അടുത്തയാഴ്ച കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിൽ നടത്താനിരുന്ന പര്യടനാണ് വിജയ് നിര്‍ത്തിവെച്ചത്. വെല്ലൂരും റാണിപേട്ടുമാണ് ഒക്ടോബര്‍ അഞ്ചിന് റാലി തീരുമാനിച്ചിരുന്നത്. ഇത് ഉള്‍പ്പെടെയാണ് നിര്‍ത്തിവെച്ചത്. ഇനി സംസ്ഥാനത്തെ 31 ഇടങ്ങളിലാണ് വിജയ്‍യുടെ പര്യടനം ബാക്കിയുള്ളത്.
തിങ്കളാഴ്ച കോടതി കടുത്ത പരാമർശങ്ങൾ നടത്തുമെന്ന ആശങ്കയിലാണ് ടിവികെ വൃത്തങ്ങൾ. കരൂരിൽ നിന്ന് ഇന്നലെ രാത്രിയോടെ മടങ്ങിയ വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയുമാണ് സഹായധനമായി പ്രഖ്യാപിച്ചത്. സഹായധനം ജീവൻ നഷ്ടമായതിന് പരിഹാരമല്ലെന്നും എല്ലാ സഹായവും ടിവികെ നൽകുമെന്നും വിജയ് എക്സിൽ കുറിച്ചു.
വിജയ്‌യുടെ സംസ്ഥാന പര്യടനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ടിവികെ സമ്മേളനത്തിനിടെ പരിക്കേറ്റ കണ്ണൻ എന്നയാൾ ആണ് ഹർജിക്കാരൻ. വൈകീട്ട് 4:30ന് ഹർജി കേൾക്കാമെന്ന് ജസ്റ്റിസ് സെന്തിൽകുമാർ അറിയിച്ചു.
വിജയ്യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ കൂടുതൽ പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ടിവികെ സംസ്ഥാന ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്‍റ് സെക്രട്ടറി സിടി നിര്‍മൽ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഏറ്റവും ഒടുവിലായി പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ ടിവികെ കരൂര്‍ സെക്രട്ടറിക്കെതിരെ കേസെടുത്തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക, കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ കേസെടുത്തത്.