എന്റെ അഭിയുടെ മോൻ..; 'ബൾട്ടി' കണ്ട് കണ്ണു നിറഞ്ഞ് ഷെയ്നിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് നാദിർഷ

Published : Sep 28, 2025, 01:52 PM IST
Nadirsha

Synopsis

ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ബൾട്ടി മൂവി കണ്ട് വികാരഭരിതനായ നാദിര്‍ഷയുടെ വീഡിയോയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സെപ്റ്റംബർ 27ന് ആയിരുന്നു ബൾട്ടിയുടെ റിലീസ്.

ഷെയിൻ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ബൾട്ടി മൂവി കണ്ട് വികാരഭരിതനായി നാദിർഷ. നിറകണ്ണുകളോടെ ഷെയിനിനെ കെട്ടിപിടിക്കുന്ന നാദിർഷയുടെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴി‍ഞ്ഞു. സെപ്റ്റംബർ 27ന് ആയിരുന്നു ബൾട്ടിയുടെ റിലീസ്.

ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്ന അബി - നാദിര്‍ഷ - ദിലീപ് എന്നിവരടങ്ങിയ മിമിക്രി സംഘത്തിലെ അബിയുടെ മകനാണ് ഷെയിൻ നിഗം എന്നത് തന്നെയാണ് നാദിർഷയെ ഇത്രക്കധികം വികാരാധീതനാക്കിയത്. മരണം വരെയും മിമിക്രിയെ നെഞ്ചോട് ചേർത്തിരുന്ന തന്റെ ഉറ്റസുഹൃത്തായ അബിയുടെ മകന്റെ വിജയത്തിൽ പങ്കു ചേർന്നാണ് ഷെയിനിനെ നിറക്കണ്ണുകളോടെ നാദിർഷ കെട്ടിപിടിച്ചു ഉമ്മ നൽകിയത്.

മലയാളത്തിൽ മിമിക്രി കാസറ്റുകൾക്ക് സ്വീകാര്യത നൽകിയ താരമാണ് അബി. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'നയം വ്യക്തമാക്കുന്നു' എന്ന സിനിമയിൽ തുടങ്ങി 'തൃശിവപേരൂർ ക്ലിപ്തം' എന്ന അവസാന സിനിമ വരെ നീണ്ടു നിൽക്കുന്ന കലാ ജീവിതത്തിൽ അമ്പതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൊച്ചിൻ കലാഭവനിലൂടെയാണ് അബി കലാ ജീവിതം തുടങ്ങിയത്. മിമിക്രി വേദികളിൽ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു പ്രധാനമായും അവതരിപ്പിച്ചത്.

അബിയുടെ ‘ആമിനതാത്ത’ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ 300 ഓളം ഓഡിയോ കാസറ്റുകളും വിഡിയോ കാസറ്റുകളും നാദിർഷ, ദിലീപ്, അബി കൂട്ടുകെട്ടിൽ പുറത്ത് ഇറക്കിയിട്ടുണ്ട്. 1990 കളിൽ മിമിക്രി ലോകത്തെ സൂപ്പർതാരമായിരുന്നു അബി. മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ബിഗ് ബി അമിതാഭ് ബച്ചന്റെയും ശബ്ദമായിരുന്നു അബിയുടെ അനുകരണത്തിൽ ഏറെ ശ്രദ്ധ നേടിയത്. മിമിക്രിക്കാർക്കിടയിൽ ഇന്നും ഇന്നും അബിയാണ് സൂപ്പർ സ്റ്റാർ എന്നൊരു അഭിപ്രായം മുൻപൊരിക്കൽ നാദിർഷ പറഞ്ഞിട്ടുണ്ടായിരുന്നു. ആ സൂപ്പർ സ്റ്റാറിന്റെ മകനിപ്പോൾ ബൾട്ടി സിനിമയിലൂടെ ഹിറ്റ് അടിച്ചു നിൽക്കുന്നതിന്റെ ആത്മാർത്ഥ സന്തോഷത്തിലാണ് നാദിർഷയുടെ കണ്ണുകളിപ്പോൾ നിറഞ്ഞിരിക്കുന്നത്.

സൗഹൃദവും ചതിയും പ്രണയവും പ്രതികാരവുമൊക്കെ പറയുന്ന ബൾട്ടിയിൽ ഉദയൻ എന്ന കഥാപാത്രമായാണ് ഷെയിൻ വന്നിട്ടുള്ളത്. കേരള- തമിഴ്‌നാട് ബോര്‍ഡറിലെ വേലംപാളയം എന്ന സ്ഥലത്തെ കബഡി താരങ്ങളായ നാലുചെറുപ്പക്കാരും, വട്ടിപ്പലിശക്കാരുടെ അധോലോകത്തിലേക്കെത്തുന്ന അവരുടെ ജീവിതവുമൊക്കെയാണ് ബൾട്ടി പറയുന്നത്. വേലംപാളയത്തെ പഞ്ചമി റൈഡേഴ്‌സ് എന്ന കബഡി ടീമിലെ പ്രധാന താരമായ ഉദയന്‍ എന്ന കഥാപാത്രമയാണ് ചിത്രത്തിൽ ഷെയിൻ നിഗം എത്തിയിരിക്കുന്നത്. കബഡി മത്സരങ്ങളും സംഘട്ടനങ്ങളും നിറഞ്ഞ ചിത്രത്തില്‍ ഷെയിന്‍ നിഗം അതിഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. വൈകാരിക- പ്രണയരംഗങ്ങളിലും ഷെയിൻ മികച്ചു നിന്നിട്ടുണ്ട്. അല്‍ഫോണ്‍സ് പുത്രന്റേയും സെല്‍വരാഘവന്റേയും പൂര്‍ണ്ണിമയുടേയും ശന്തനു ഭാഗ്യരാജിന്റെയുമെല്ലാം പ്രകടനം ശ്രദ്ധേയമാണ്.

ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് എസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, അഡീഷണൽ ഡയലോഗ്: ടിഡി രാമകൃഷ്ണൻ, സംഘട്ടനം: ആക്ഷൻ സന്തോഷ്, വിക്കി, പ്രൊജക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർമാർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ), വസ്ത്രാലങ്കാരം: മെൽവി ജെ, ഡി.ഐ: കളർ പ്ലാനെറ്റ്, ഗാനരചന: വിനായക് ശശികുമാർ, സ്റ്റിൽസ്: സജിത്ത് ആർ.എം, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, കളറിസ്റ്റ്: ശ്രീക് വാര്യർ, ഗ്ലിംപ്സ് എഡിറ്റ്: ഹരി ദേവകി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർ‍ടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലി., എസ്ടികെ ഫ്രെയിംസ്, സിഒഒ: അരുൺ സി തമ്പി, സിഎഫ്ഒ: ജോബീഷ് ആന്‍റണി, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: മിലിന്ദ് സിറാജ്, ടൈറ്റിൽ ഡിസൈൻസ്: റോക്കറ്റ് സയൻസ്, പിആർഒ: ഹെയിൻസ്, യുവരാജ്, വിപിൻ കുമാർ, പബ്ലിസിറ്റി ഡിസൈൻസ്: വിയാക്കി, ആന്‍റണി സ്റ്റീഫൻ, റോക്കറ്റ് സയൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ