പ്രേം നസീര്‍ മമ്മൂട്ടിയോട് ചോദിച്ചു, 'എനിക്ക് പകരം വന്ന ആളാണല്ലേ?'

By Web TeamFirst Published Aug 6, 2021, 7:27 AM IST
Highlights

'എനിക്ക് പകരം വന്ന ആളാണ് അല്ലേ'  എന്നായിരുന്നു മമ്മൂട്ടി കഥാപാത്രത്തോട് പ്രേം നസീര്‍ ചോദിച്ചത്.

മലയാള സിനിമയുടെ നിത്യഹരിത നായകനാണ് പ്രേം നസീര്‍. മലയാളത്തിന്റെ ആദ്യത്തെ മികച്ച നടനാണ് സത്യൻ. പ്രേം നസീറും  സത്യനുമായിരുന്നു മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്നത്.  സത്യൻ അവസാനമായി അഭിനയിച്ച സിനിമയിലൂടെയാണ് മമ്മൂട്ടി ആദ്യമായി മുഖം കാട്ടിയതെങ്കില്‍ പ്രേം നസീര്‍ യാദൃശ്ചികമായി പകരക്കാരനെന്ന് വിശേഷിപ്പിക്കുകയും ചെയ്‍തു.

മലയാളത്തില്‍ ആദ്യമായി മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച സത്യന്റെ അവസാന ചിത്രമായ അനുഭവങ്ങള്‍ പാളിച്ചകള്‍ റിലീസ് ചെയ്‍തത് 1971 ഓഗസ്റ്റ് ആറിനാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെങ്കിലും മമ്മൂട്ടി മുഖം കാട്ടിയത് അനുഭവങ്ങള്‍ പാളിച്ചകളിലാണ്. അങ്ങനെ വരുമ്പോള്‍ മമ്മൂട്ടി വെള്ളിത്തിരയിലെത്തിയിട്ട് ഇന്നേയ്‍ക്ക് വര്‍ഷം 50 കഴിയുന്നു. തുടര്‍ന്നുവന്ന കാലചക്രം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തോട് പ്രേം നസീര്‍ ചോദിക്കുന്നത് 'എനിക്ക് പകരം വന്ന ആളാണ് അല്ലേ' എന്നായിരുന്നു.

ഇതൊക്കെ യാദൃശ്ചികമെങ്കിലും പിന്നീട് മമ്മൂട്ടി ഒരു അനുഭവമായി നിറയുകയായിരുന്നു മലയാളത്തില്‍. അഭിനയവൈഭവവും നായകത്വവും ഒരുപോലെ മമ്മൂട്ടിയില്‍ ശോഭിച്ചു. സത്യൻ ആദ്യമായി വാങ്ങിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മമ്മൂട്ടി പല തവണ വാങ്ങി. പ്രേംനസീറിനെപ്പോലെ നിത്യഹരിതനായകനായി മമ്മൂട്ടി ഇന്നും തുടരുന്നു.

ആദ്യമായി മുഖം കാട്ടിയത് 1971ല്‍ ആണെങ്കിലും 1980ലെ വില്‍ക്കാനുണ്ട് സ്വപ്‍നങ്ങള്‍ എന്ന സിനിമയുടെ ടൈറ്റിലിലാണ് മമ്മൂട്ടിയുടെ പേര് ആദ്യമായി തെളിയുന്നത്. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്‍ത  സിനിമയില്‍ മാധവൻകുട്ടി എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്.  അനുഭവങ്ങള്‍ പാളിച്ചകള്‍ തന്നെയാണ് മമ്മൂട്ടി തന്റെ ആദ്യ സിനിമയായികണക്കാക്കുന്നതും. അന്നത്തെ ജൂനിയര്‍ പയ്യനില്‍ നിന്ന് ഇന്നത്തെ സിനിമാ വസന്തം വരെയുള്ള കാലയളവില്‍ ഓരോ മലയാളി സിനിമ പ്രേക്ഷകന്റെ മനസിലും ഒരായിരം ഭാവങ്ങളാണ് മമ്മൂട്ടിയുടേതായിട്ടുള്ളത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!