
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം കെട്ടിയാടാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ഓരോ സിനിമയിലും വ്യത്യസ്തകളുമായി മലയാളികൾക്ക് മുന്നിലെത്തുന്ന അദ്ദേഹം സാധാരണ ജനങ്ങൾക്ക് നൽകുന്ന സഹായങ്ങൾ വളരെ വലുതാണ്. പലതും പുറത്തുവരുന്നുണ്ടെങ്കിലും അക്കൂട്ടത്തിലില്ലാത്ത എത്രയോ കാര്യങ്ങൾ മമ്മൂട്ടി എന്ന മനുഷ്യ സ്നേഹി ചെയ്തിരിക്കുന്നു. അത്തരത്തിൽ മമ്മൂട്ടിയുടെ സഹായത്താൽ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് സന്ധ്യ ബിജു.
ഒക്ടോബർ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ ആളായിരുന്നു സന്ധ്യ. ആലു രാജഗിരി ആശുപത്രിയിൽ ആയിരുന്നു ചികിത്സ. ഇതിനിടെ സന്ധ്യയുടെ ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് മുറിച്ചുമാറ്റേ വന്നിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയപ്പോൾ മമ്മൂട്ടിയോട് ഒന്ന് സംസാരിക്കണം എന്ന് സന്ധ്യ പറഞ്ഞിരുന്നു. പിന്നാലെ വീഡിയോ കോളിൽ അദ്ദേഹവുമായി സന്ധ്യ സംസാരിക്കുകയും ചെയ്തു. തനിക്കൊരു കാൽ നഷ്ടമായെന്ന് സന്ധ്യ വാക്കുകളിടറി പറഞ്ഞപ്പോൾ മമ്മൂട്ടിയുടെ ആശ്വാസ വാക്കുകളും എത്തി. മമ്മൂട്ടി കൃത്രിമക്കാൽ നൽകാമെന്ന് വാക്ക് നൽകിയതിനൊപ്പം അടിമാലിയിൽ വീട് നിർമ്മിക്കുന്നതിനുള്ള ഇടപെടൽ നടത്താമെന്നും ഉറപ്പ് നൽകി.
സന്ധ്യയുടെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ മമ്മൂട്ടി നേരത്തെ തന്നെ ചികിത്സാച്ചെലവുകൾ പൂർണമായും ഏറ്റെടുത്തിരുന്നു. സന്ധ്യയുമായി സംസാരിച്ചതിനു തൊട്ടുപിന്നാലെ കൃത്രിമ കാൽ വെക്കുന്നതിന് വേണ്ട സഹായം നൽകാൻ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. 38 ദിവസം നീണ്ട ആശുപത്രി വാസത്തിന് ശേഷം വാടക വീട്ടിലേക്കാണ് സന്ധ്യയുടെ മടക്കം.
മണ്ണിടിച്ചിലിൽ സ്വന്തം വീട് പൂർണമായും നശിച്ചിരുന്നു. ദുരന്തത്തിൽ ഭർത്താവ് ബിജുവിന് ജീവൻ നഷ്ടമായി. തകർന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. രാജഗിരി ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുകയും അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു.
എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ രക്തയോട്ടം തിരികെ കൊണ്ടുവരാൻ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നു. പക്ഷേ, ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷാംശം വർദ്ധിച്ച് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലായി. ഇതോടെ ഇടത്തേക്കാൽ മുട്ടിന് മുകളിൽ വച്ച് നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുറിവുകൾ പൂർണമായി ഉണങ്ങിയതോടെ ഫിസിയോ തെറാപ്പിയിൽ പരസഹായത്തോടെ നടത്തം പുനരാരംഭിക്കാൻ സന്ധ്യയ്ക്ക് കഴിഞ്ഞു. രണ്ടാഴ്ച കൂടി ഫിസിയോ തെറാപ്പി തുടരണം. മണ്ണിടിച്ചിൽ ദുരന്തത്തിൽ ഭർത്താവും, കാൻസർ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷം മകനും മരിച്ചതോടെ, നഴ്സിങ് വിദ്യാർഥിനിയായ മകൾ മാത്രമാണ് സന്ധ്യയ്ക്ക് ഇനിയുള്ള തുണ.