
തെലുങ്കിൽ വമ്പൻ ആരാധക പിന്തുണയുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ. നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അഖണ്ഡ 2: താണ്ഡവം'. 2025 ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്‍ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ അഖണ്ഡ 2, ഇവരുടെ മുൻ ചിത്രമായ 'അഖണ്ഡ'യുടെ തുടർച്ചയായാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രസ്സ് മീറ്റിനിടെ ബാലയ്യ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. താനല്ലാതെ ലോക സിനിമയിൽ തുടർച്ചയായി 50 വർഷം നായകവേഷം ചെയ്യുന്ന നടൻ വേറെ ഇല്ലെന്നാണ് ബാലയ്യ പറയുന്നത്.
"അൻപത് വര്‍ഷമായി സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്. അതെല്ലാം ദൈവത്തിന്റെയും എന്നെ സൃഷ്ടിച്ച മാതാപിതാക്കളുടെയും ആശിർവാദം കൊണ്ടുമാത്രമാണ് സാധിച്ചത്. ലോകസിനിമയില്‍ ഞാനല്ലാതെ 50 വര്‍ഷമായി നായകവേഷം മാത്രം ചെയ്യുന്ന മറ്റൊരു നടന്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല, അതൊന്നും എന്റെ ഭാഗ്യമല്ല. അവസാനം ചെയ്ത നാല് സിനിമകളും വിജയിച്ചു. അഖണ്ഡ, വീര സിംഹ റെഡ്ഡി, ഭഗവന്ത് കേസരി, ഡാക്കു മഹാരാജ് എന്നീ സിനിമകള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതുപോലെ നല്ല നല്ല സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ വരുന്ന അഖണ്ഡ 2 താണ്ഡവം പ്രേക്ഷകര്‍ സ്വീകരിക്കുമെന്നുറപ്പാണ്." ബാലയ്യ പറയുന്നു.
14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ പുറത്തു വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഇമോഷനും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ട്രെയ്‌ലറും ടീസറും നേരത്തെ പുറത്തു വന്ന ബ്ലാസ്റ്റിംഗ് റോർ വീഡിയോയും കാണിച്ചു തരുന്നത്. സെൻസറിംഗ് പൂര്‍ത്തിയായിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
വ്യത്യസ്തമായ 2 ഗെറ്റപ്പിൽ ആണ് ഈ ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്‍ണ എത്തുന്നത്. അദ്ദേഹത്തിന്റെ പഞ്ച് ഡയലോഗുകളും ഗംഭീര ആക്ഷനും ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ഇപ്പോൾ പുറത്തു വന്ന ടീസറും സൂചന നൽകുന്നു. ദൈവിക ശക്തിയുള്ള കരുത്തനായ അഘോരി സന്യാസി ആയാണ് ബാലകൃഷ്‍ണയുടെ പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.