
ജിയോ ബേബി - മമ്മൂട്ടി ചിത്രം കാതല്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ പ്രതികരണവുമായി കോൺസ്രസ് നേതാവ് ഡോ. പി സരിൻ. ഇന്ത്യയിലെ ആദ്യത്തെ സ്വവർഗാനുരാഗിയായ രാഷ്ട്രീയക്കാരൻ ഒരു കോൺഗ്രസുകാരനാണ് എന്നാണ് സരിൻ ഫേസ്ബുക്കില്‍ കുറിച്ചത്. സ്വവർഗ്ഗാനുരാഗം ഡീ-ക്രിമിനലൈസ് ചെയ്തെടുക്കാൻ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തിയ ഹരീഷ് ഒരു കോൺഗ്രസുകാരനായിരുന്നു എന്ന് തെളിച്ചു പറയും വിധം മാത്യുവിനെ കോൺഗ്രസ്സുകാരനാക്കിയാൽ എന്തോ വലിയ മഹാപരാധം ആകുമെന്ന് 'ചുവപ്പിനെ പ്രണയിക്കുന്ന ടീംസ് ' ആദ്യമേ തീരുമാനിച്ചുറപ്പിച്ചു വെച്ചിരുന്നു എന്നും സരിൻ കുറിച്ചു.
സരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഇങ്ങനെയാണ് ചരിത്രം ഉണ്ടാക്കിയെടുക്കുന്നത്.
നിങ്ങൾക്ക് ഇന്ത്യയിലെ ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായ രാഷ്ട്രീയക്കാരൻ ആരെന്ന് ശരിക്കും അന്വേഷിച്ചറിയാൻ താല്പര്യമുണ്ടെങ്കിൽ അർത്ഥശങ്കക്കിടയില്ലാതെ പറയുന്നു : അതൊരു കോൺഗ്രസ്സുകാരനായിരുന്നു !
******************************************************
പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ദേയമാണ് ജ്യോതികയും മമ്മൂട്ടിയും മുഖ്യവേഷത്തിലെത്തുന്ന 'കാതൽ - The core' എന്ന ചലച്ചിത്രം.
സമൂഹത്തിലെ പുരോഗമന ചിന്തക്ക് കമ്മ്യൂണിസ്റ്റുകാരാണ് ഏറ്റവും ബെസ്റ്റ് എന്നത് അറു പിന്തിരിപ്പൻ വാദമാണെന്ന് ഇനിയും തുറന്നെഴുതിയില്ലെങ്കിൽ അത് പരമ ബോറാകും. ഈ സിനിമയും അതേ അച്ചിൽ തന്നെ ബോധപൂർവ്വം വാർത്തെടുത്ത ഒന്നായതുകൊണ്ട് ഒരു തിരുത്തില്ലാതെ അതിന്റെ ആസ്വാദനം പൂർത്തിയാകില്ല എന്നാണ് എന്റെ ബോധ്യം.
ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനോളം തുറന്ന സമീപനവും ഉയർന്ന ചിന്തയും ഭാരതമണ്ണിൽ വേറെ ഏത് രാഷ്ട്രീയ പാർട്ടിക്കുണ്ട്? കാലത്തിന്റെ മാറ്റങ്ങളെ നിയമം കൊണ്ട് വ്യവസ്ഥാപിതമാക്കിയെടുക്കാൻ കോൺഗ്രസ്സിനോളം ത്യാഗോജ്ജ്വല പോരാട്ടങ്ങൾ - സ്വാതന്ത്ര്യത്തിന് മുൻപും പിൻപും - നടത്തി എന്ന് അവകാശപ്പെടാവുന്ന ഏത് രാഷ്ട്രീയ പ്രസ്ഥാനമുണ്ട് ഈ രാജ്യത്ത് ??
ആ പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാണിക്കാൻ വേണ്ടി മാത്രമാണ് പതിറ്റാണ്ടുകളായി ചിലർ ത്രിവർണ്ണം കൊണ്ട് അഭ്രപാളികളിൽ കോമാളി വേഷം കെട്ടിക്കുന്നത്. മിക്കപ്പോഴും വെള്ളയുടുപ്പിട്ട രാഷ്ട്രീയക്കാരനെ കോൺഗ്രസ്സിന്റെ ആടയലങ്കാരത്തിൽ അവതരിപ്പിച്ച് ഭീരുവായും സ്വാർത്ഥരായും അന്യായം പ്രവർത്തിക്കുന്നവരുമൊക്കെയായി ചിത്രീകരിക്കുമ്പോൾ, ഈ മണ്ണിൽ ജനിച്ചു ജീവിച്ച ഏറ്റവും നിർഭയ - നിസ്വാർത്ഥ - നീതിമാൻമാരായ ലക്ഷക്കണക്കിന് കോൺഗ്രസ്സുകാരോടാണ് നമ്മുടെ മലയാള സിനിമാ ചരിത്രം എന്നും എക്കാലത്തും അവമതിപ്പുണ്ടാക്കും വിധം 'ചരിത്ര നിർമ്മാണം' നടത്തി പോന്നിരുന്നത് എന്ന് മറക്കരുത്.
ഈ ചിത്രത്തിന്റെ കാര്യം തന്നെയെടുക്കാം. ഒറ്റ വരിയിൽ തന്നെ കാര്യം പറയാം. സിനിമാക്കഥയുടെ രഹസ്യസ്വഭാവം വിളിച്ചു പറയാതെത്തന്നെ ആ സത്യം പരസ്യമായി ഇവിടെ എഴുതിയിടുന്നു : കയ്യടി കിട്ടാൻ ചെങ്കൊടി വേണമെന്ന് തോന്നിയവർക്ക്, 5-6 വർഷം പുറകിൽ പോയി Sec.377 ഒക്കെ പരിശോധിച്ച് തിരക്കഥയുണ്ടാക്കിയവർക്ക് യഥാർത്ഥ ജീവിതത്തിൽ l am Congress എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ മുബൈക്കാരൻ ഹരീഷാണ് മമ്മൂട്ടിയുടെ മാത്യു എന്ന് തുറന്നു പറയാൻ മടി കാണും.
അതിനുമപ്പുറം, സ്വവർഗ്ഗാനുരാഗം ഡീ-ക്രിമിനലൈസ് ചെയ്തെടുക്കാൻ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തിയ ഹരീഷ് ഒരു കോൺഗ്രസ്സുകാരനായിരുന്നു എന്ന് തെളിച്ചു പറയും വിധം മാത്യുവിനെ കോൺഗ്രസ്സുകാരനാക്കിയാൽ എന്തോ വലിയ മഹാപരാധം ആകുമെന്ന് 'ചുവപ്പിനെ പ്രണയിക്കുന്ന ടീംസ് ' ആദ്യമേ തീരുമാനിച്ചുറപ്പിച്ചു വെച്ചിരുന്നു.
നിങ്ങൾക്ക് ഇന്ത്യയിലെ ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായ രാഷ്ട്രീയക്കാരൻ ആരെന്ന് ശരിക്കും അന്വേഷിച്ചറിയാൻ താല്പര്യമുണ്ടെങ്കിൽ അർത്ഥശങ്കക്കിടയില്ലാതെ പറയുന്നു : അതൊരു കോൺഗ്രസ്സുകാരനായിരുന്നു !
കോൺഗ്രസ്സ് എന്തായിരുന്നു എന്നും, എന്താണ് എന്നും, ഇനി അത് എന്താകും എന്നും സംശയമുള്ളവരോടായി മാത്രം പി. ബാലേട്ടൻ പണ്ട് രാജീവ് ഗാന്ധിയുടെ വാക്കുകൾ മൊഴിമാറ്റം ചെയ്തത് ഉത്തരമായി കുറിക്കുന്നു :
ഈ രാജ്യത്തിന്റെ നല്ലതിനായുള്ള മാറ്റത്തിന്റെ ... നാടിന്റെ പുരോഗതിയുടെ ... ചലനാത്മക ശക്തിയുടെ പേരാണ് കോൺഗ്രസ്സ് !
ഞാൻ കോൺഗ്രസ്സുകാരനാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ