
സമീപകാല വർഷങ്ങളിൽ വ്യത്യസ്തവും പുതുമയാർന്നതുമായ സിനിമകൾ സമ്മാനിച്ച നടനാണ് മമ്മൂട്ടി. ഭ്രമയുഗം, റോഷാക്ക്, കാതൽ തുടങ്ങിയവ അതിന് ഉദാഹരണങ്ങൾ മാത്രം. ഈ വർഷം മമ്മൂട്ടിയുടേതായി റിലീസിന് എത്തിയ ആദ്യ ചിത്രം ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ് ആയിരുന്നു. ഗൗതം മേനോൻ ആയിരുന്നു സംവിധാനം. ബസൂക്കയാണ് ഇനി വരാനിക്കുന്ന മമ്മൂട്ടി പടം. ചിത്രം വിഷു റിലീസായി ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും.
ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയ്ക്ക് ഒപ്പം തന്നെ മറ്റ് ചില സിനിമകൾ കൂടി ഇറങ്ങുന്നുണ്ട്. ആലപ്പുഴ ജിംഖാന, മരണമാസ് എന്നിവയാണ് മലയാള പടങ്ങൾ. അജിത്തിന്റെ തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലിയും അന്നേദിവസം തിയറ്ററുകളിൽ എത്തും. ഈ നാല് സിനിമകളും പ്രേക്ഷകർക്ക് ഏറെ കൗതുകവും പ്രതീക്ഷയും ഉണർത്തുന്ന ചിത്രങ്ങൾ ആണ് എന്ന കാര്യത്തിൽ സംശയമില്ല. പ്രമോഷൻ മെറ്റീരിയലുകൾക്ക് ലഭിച്ച സ്വീകാര്യത തന്നെ അതിന് തെളിവാണ്.
ഇത്തവണയും യുവതാരങ്ങൾക്കൊപ്പമാണ് മലയാളത്തിൽ മമ്മൂട്ടിയുടെ മത്സരം. ബേസിൽ ജോസഫ് ചിത്രമാണ് മരണമാണ്. നസ്ലെൻ പടമാണ് ആലപ്പുഴ ജിംഖാന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മമ്മൂട്ടിയുടെ ഭ്രമയുഗവും നസ്ലെൻ ചിത്രം പ്രേമലുവും റിലീസ് ചെയ്തിരുന്നു. 2023ൽ കാതലിന് ഒപ്പമായിരുന്നു ബേസിലിന്റെ ഫാലിമി എന്ന ചിത്രവും റിലീസ് ചെയ്തത്. പുത്തൻ റിലീസുകൾക്ക് പുറമെ റിലീസ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞെങ്കിലും എമ്പുരാനും ഉണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. എന്തായാലും വിഷു ആർക്കൊപ്പമാണെന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
ഡീനോ ഡെന്നീസ് തന്നെ തിരക്കഥയും രചിക്കുന്ന ബസൂക്കയിൽ ഗൗതം വാസുദേവ് മേനോൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് താരങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ