'പടം സൂപ്പറാ ഇരുക്ക്'; 'നൻപകൽ നേരത്ത് മയക്കം' ഏറ്റെടുത്ത് തമിഴ് പ്രേക്ഷകർ, പ്രതികരണങ്ങൾ

Published : Jan 27, 2023, 08:42 AM IST
'പടം സൂപ്പറാ ഇരുക്ക്'; 'നൻപകൽ നേരത്ത് മയക്കം' ഏറ്റെടുത്ത് തമിഴ് പ്രേക്ഷകർ, പ്രതികരണങ്ങൾ

Synopsis

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി പരകായ പ്രവേശനം നടത്തിയപ്പോൾ, അത് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഓരോനിമിഷവും മലയാളികളെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി പരകായ പ്രവേശനം നടത്തിയപ്പോൾ, അത് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കേരളത്തിൽ മികച്ച പ്രതികരങ്ങൾ നേടി മുന്നേറിയ നൻപകൽ നേരത്ത് മയക്കം കഴിഞ്ഞ ദിവസം മുതൽ തമിഴ് നാട്ടിലും റിലീസ് ചെയ്തിരുന്നു. പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാക്കുന്ന മലയാള ചിത്രത്തില്‍ കഥാപാത്രങ്ങള്‍ ഇരുഭാഷകളും സംസാരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചിത്രം തങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പമായിരുന്നുവെന്ന് പറയുകയാണ് തമിഴ് സിനിമാസ്വാദകർ. 

"ഇതുപോലൊരു സിനിമ ഇതിന് മുൻപ് കണ്ടിട്ടേ ഇല്ല. ഒരു പ്യുവർ സിനിമാറ്റിക് എക്സ്പീരിയൻസ് ആയിരുന്നു ചിത്രം, പടം സൂപ്പറാ ഇരുക്ക്, മമ്മൂട്ടിയോടൊപ്പം നമ്മളും യാത്ര ചെയ്യുമ്പോലെയാണ് തോന്നിയത്, മമ്മൂട്ടി താ പടം. അവരെ സുത്തി താ സിനിമ പോകിറത്, തമിഴും മലയാളവും മമ്മൂട്ടി നല്ല രീതിയിൽ സംസാരിക്കുന്നുണ്ട്. അതുകൊണ്ട് തമിഴ് സിനിമയാണോ മലയാളം സിനിമയാണോ എന്നത് കാര്യമാകുന്നില്ല, ലിജോ ജോസിന്റെയും മമ്മൂട്ടിയുടെയും ലൂപ്പ് ആണ് ചിത്രം. അതിലൂടെ നമ്മളെ സിനിമ കൊണ്ടു പോകുകയാണ്, മമ്മൂക്ക സൂപ്പറാ നടിച്ചിറിക്ക്. അതെല്ലാം സൊല്ല തേവയില്ലൈ, ലിജോ ജോസ് മികച്ച രീതിയിൽ സിനിമ ഒരുക്കിയിട്ടുണ്ട്",എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

29 സ്ക്രീനുകളിലാണ് കഴിഞ്ഞ ദിവസം നൻപകൽ നേരത്ത് മയക്കം തമിഴ്നാട്ടിൽ റിലീസ് ചെയ്തത്.  ഡ്രീം വാരിയര്‍ പിക്ചേഴ്സ് ആണ് തമിഴ്നാട്ടിലെ വിതരണം. കെജിഎഫ് 2, കാന്താര എന്നിവയ്ക്കു ശേഷം ഈ കമ്പനി തമിഴ്നാട്ടില്‍ വിതരണം ചെയ്യുന്ന ഇതരഭാഷാ ചിത്രമാണ് നന്‍പകല്‍. ജനുവരി 19 ന് ആയിരുന്നു ചിത്രത്തിന്റെ കേരളത്തിലെ റിലീസ്.  കേരളത്തിനൊപ്പം ജിസിസി, യുഎസ്, കാനഡ എന്നിവിടങ്ങളിലെല്ലാം ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു. ജനുവരി 27 മുതല്‍ ചിത്രം യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും റിലീസ് ചെയ്യും. യുകെയില്‍ മാത്രം 27 സ്ക്രീനുകളുണ്ട് ചിത്രത്തിന്. 

മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ‌രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ  ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷ് ആണ്.

'തലതെറിച്ചവര്‍..'; രസിപ്പിച്ച് 'രോമാഞ്ച'ത്തിലെ വീഡിയോ ഗാനം, ചിത്രം ഫെബ്രുവരിയിൽ തിയറ്ററിൽ

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ