
മമ്മൂട്ടിയെ(Mammootty) കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി(Lijo Jose Pellissery) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'(Nanpakal Nerathu Mayakkam). അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ എത്തുന്നുവെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
വേൾഡ് സ്ലീപ് ഡേ(നിദ്രാ ദിനം) ആയ നാളെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങും. വൈകുന്നേരം ഏഴ് മണിക്കാകും ടീസർ എത്തുക. മമ്മൂട്ടി, ദുൽഖർ സൽമാൻ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്യുന്നത്. ടീസർ എത്തുന്നുവെന്ന് അറിയിച്ചതോടെ ആരാധകരും ഏറെ ആവേശത്തിലാണ്.
കഴിഞ്ഞ വർഷം നവംബര്‍ 7ന് വേളാങ്കണ്ണിയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണമാരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു. തമിഴ്നാട്ടിലാണ് മുഴുവന്‍ സിനിമയും ചിത്രീകരിച്ചത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് നിര്‍മ്മാണം. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'അമര'ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷിന്‍റേതാണ് രചന.
അതേസമയം, ഭീഷ്മപർവ്വമാണ് മമ്മൂട്ടിയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മാർച്ച് മൂന്നിനാണ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.
മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു അവര്‍.
എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ5ലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും സ്ക്രീനിലെത്തുന്ന ചിത്രത്തിന്‍റെ രചന എസ് എന്‍ സ്വാമിയുടേത് തന്നെയാണ്. പുഴു എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. ഒടിടി റിലീസായി സോണി ലിവിലൂടെയാകും ചിത്രം റിലീസ് ചെയ്യുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ