
നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും(Suresh Gopi) സംവിധായകൻ ജോഷിയും(Joshiy) ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാപ്പൻ(Paappan). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഉടനെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് വിവരം. പുതിയ പോസ്റ്റർ പങ്കുവച്ച് സുരേഷ് ഗോപി തന്നെയാണ് ചിത്രം ഉടനെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.
മൈക്കിൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോകുലും പാപ്പനായി എത്തുന്ന സുരേഷ് ഗോപിയും പുതിയ പോസ്റ്ററിൽ ഉണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്. തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.
മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബർ 13ന് ആരംഭിച്ചിരുന്നു. പിന്നാലെ ജനുവരിയിൽ ചിത്രീകരണവും പൂർത്തിയാക്കി. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.
'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തില്‍ 'എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
Read Also: Bibin Krishna Interview : എന്തുകൊണ്ട് '21 ഗ്രാംസ്' ? സംവിധായകൻ ബിബിൻ കൃഷ്‍ണ പറയുന്നു
റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാനിന്‍റേതാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്സ് ബിജോയ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം നിമേഷ് എം താനൂർ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ് ഓൾഡ് മങ്ക്സ്, പിആർഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കും.
അടുത്തിടെ തന്റെ 253മത്തെ ചിത്രവും സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. ജിബു ജേക്കബ് ആണ് സംവിധാനം. ചിത്രത്തെ സംബന്ധിച്ച മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
'ആശുപത്രിയില്‍ ബോധമൊന്നുമില്ലാതെ കിടന്നപ്പോൾ പ്രണവിന്റെ പേര് കേട്ട് ചാടിയെണീറ്റു': കൃതിക പറയുന്നു