
മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥപറച്ചിലുമായി എത്തി പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രമാണ് റോഷാക്ക്. നിസാം ബഷീറിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രത്തില്‍ ഓരോ അഭിനേതാക്കളും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചിരുന്നു. പ്രത്യേകിച്ച് ബിന്ദു പണിക്കർ. ഒരിടവേളക്ക് ശേഷം ബിന്ദു പണിക്കറുടേതായി മലയാളികൾക്ക് ലഭിച്ച ഗംഭീര കഥാപാത്രമായിരുന്നു സീത. ആ കഥാപാത്രത്തിന്റെ തനിമ ഒട്ടും ചോരാതെ തന്നെ തന്മയത്വത്തോടെ നടി പ്രേക്ഷകരിലേക്ക് എത്തിച്ചു. ഇപ്പോഴിതാ ഷൂട്ടിംഗ് കഴിഞ്ഞ് ലൊക്കേഷൻ വിട്ടിറങ്ങുന്ന ബിന്ദു പണിക്കരുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ബിന്ദു പണിക്കരുടെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി പറയുന്ന രംഗത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ സെറ്റിൽ എല്ലാവരോടും യാത്ര പറയുന്ന ബിന്ദു പണിക്കരെ കാണാം. "ഈ കഥാപാത്രം ചെയ്യാൻ പറ്റുമോ എന്ന വിഷമമായിരുന്നു എനിക്ക്. പിന്നെ ഇപ്പോഴത്തെ കുട്ടികളുമായി പ്രവർത്തിച്ച് എനിക്ക് അധികം പരിചയമില്ല. ഈ സെറ്റ് എനിക്ക് വളരെ വളരെ ഇഷ്ടമായിട്ടോ. നിങ്ങൾ തന്ന ധൈര്യമാണ് ഈ കഥാപാത്രം ചെയ്യാൻ കാരണമായത്. ഞാൻ എന്താ ചെയ്തതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഇവിടെ നിന്നും പോകാൻ വിഷമമുണ്ട് കേട്ടോ. കമലദളം ചെയ്യുന്ന സമയത്ത് താമസിച്ച ബിൽഡിംഗ് നോക്കി ഞാൻ കരഞ്ഞിട്ടുണ്ട്. ആ ഒരു ഫീൽ എനിക്കിവിടെ കിട്ടി", എന്നാണ് കണ്ണുനിറഞ്ഞ് ബിന്ദു പണിക്കർ പറയുന്നത്. താൻ ഉദ്ദേശിച്ചതിനെക്കാൾ നൂറ് മടങ്ങാണ് സീത എന്ന കഥാപാത്രത്തിലൂടെ ബിന്ദു പണിക്കർ തന്നതെന്നും ഒത്തിരി നന്ദിയെന്നും സംവിധായകൻ നിസാം ബഷീറും പറയുന്നു.
ഒക്ടോബര്‍ 7നാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം 9.75 കോടി ചിത്രം നേടിയിരുന്നു. ഇതേ കാലയളവില്‍ നേടിയ ആഗോള ഗ്രോസ് 20 കോടിയാണെന്നാണ് കണക്കുകൾ. പാപ്പന്‍, കടുവ, ന്നാ താന്‍ കേസ് കൊട്,പൊന്നിയിന്‍ സെല്‍വന്‍, തല്ലുമാല തുടങ്ങിയ സമീപകാല ഹിറ്റുകളുടെ രണ്ടാം ആഴ്ച കളക്ഷനുകളും റോഷാക്ക് മറികടന്നിരുന്നു.
'ആടുതോമ' ബിഗ് സ്‌ക്രീനിൽ തിരിച്ചെത്തുന്നു; അപ്ഡേറ്റുമായി ഓൾഡ് മങ്ക്സ് ഡിസൈൻസ്
കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ആസിഫ് അലി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.