
നടി, മോഡല്‍ എന്നീ നിലകളില്‍ ചുരുങ്ങിയ കാലം കൊണ്ട് ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് മാളവിക മോഹനന്‍. പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനന്‍റെ മകളായ മാളവിക ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2013 ലായിരുന്നു ഇത്. 12 വര്‍ഷത്തിനുള്ളില്‍ മലയാളത്തിന് പുറമെ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം മാളവിക അഭിനയിച്ചുകഴിഞ്ഞു. സത്യന്‍ അന്തിക്കാടിന്‍റെ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാളവികയാണ്. ഇപ്പോഴിതാ സമൂഹമാധ്യമമായ എക്സില്‍ ആരാധകരുമായി നടത്തിയ ചോദ്യോത്തര പരിപാടിയില്‍ മാളവിക നല്‍കിയ ചില മറുപടികള്‍ ശ്രദ്ധ നേടുകയാണ്.
ആസ്ക് മാളവിക എന്ന ടാഗില്‍ നടത്തിയ ചോദ്യോത്തര പരിപാടിയില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. മാളവികയുടെ മറുപടി ഇങ്ങനെ ആയിരുന്നു- "അതിലൊരാളാണ് എന്നെ സിനിമയുടെ മനോഹര ലോകത്തിലേക്ക് എന്നെ അവതരിപ്പിച്ചത്. മറ്റൊരാളുമായി ഇപ്പോള്‍ ഞാനൊരു മനോഹരമായ ചിത്രം പൂര്‍ത്തിയാക്കിയതേ ഉള്ളൂ. അതിനാല്‍ അത്ര നീതിപൂര്‍വ്വമല്ലാത്ത ചോദ്യമാണ് അത്, അല്ലേ", മാളവിക കുറിച്ചു. പട്ടം പോലെയില്‍ നായികയായി മാളവികയുടെ പേര് റെക്കമന്‍റ് ചെയ്തത് മമ്മൂട്ടി ആയിരുന്നു. അക്കാര്യം മാളവിക തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്.
ഹൃദയപൂര്‍വ്വത്തിന്‍റെ ഷൂട്ട് കഴിഞ്ഞോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. കഴിഞ്ഞെന്ന് മാളവികയുടെ മറുപടി- "അതെ, മൂന്ന് ദിവസം മുന്‍പാണ് സിനിമയുടെ ചിത്രീകരണം ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്. അത് അവസാനിച്ചു എന്നത് ഞാന്‍ ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ് സത്യം. അത്രയും നല്ലൊരു ടീം ആയിരുന്നു അത്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമ ചെയ്തത് നല്ല ഒരു അനുഭവമായിരുന്നു. ആ സെറ്റ് എനിക്കിപ്പോള്‍ നന്നായി മിസ് ചെയ്യുന്നുണ്ട്", മാളവിക കുറിച്ചു.
പട്ടം പോലെ കൂടാതെ ദി ഗ്രേറ്റ് ഫാദര്‍, ക്രിസ്റ്റി എന്നീ ചിത്രങ്ങളേ മലയാളത്തില്‍ മാളവികയുടേതായി പുറത്തെത്തിയിട്ടുള്ളൂ. തെലുങ്കില്‍ പ്രഭാസ് നായകനാവുന്ന ദി രാജാസാബ്, തമിഴില്‍ കാര്‍ത്തി നായകനാവുന്ന സര്‍ദാര്‍ 2 എന്നിവയും മാളവികയുടേതായി പുറത്തുവരാനുണ്ട്.
അതേസമയം പൂനെയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ഹൃദയപൂര്‍വ്വത്തിന്‍റേത്. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. ബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. മാത്യു തോമസ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന നർമ്മവും ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലൂടെയും പ്രതീക്ഷിക്കാം. അഖിൽ സത്യൻ്റേതാണു കഥ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ