
ഹേര ഫേരി 3 ല്‍ നിന്ന് കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കേണ്ടിയിരുന്ന മുതിര്‍ന്ന നടന്‍ പരേഷ് റാവല്‍ പിന്മാറിയതാണ് ബോളിവുഡ് വൃത്തങ്ങളിലെ നിലവിലുള്ള ചൂടുള്ള വാര്‍ത്ത. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറിനും സുനില്‍ ഷെട്ടിക്കുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് പരേഷ് റാവല്‍ ആയിരുന്നു. പൊടുന്നനെയുള്ള പിന്മാറ്റത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ അക്ഷയ് കുമാര്‍ പരേഷ് റാവലിനെതിരെ 25 കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ അക്ഷയ് കുമാറിന്‍റെ നിര്‍മ്മാണ കമ്പനിയായ കേപ്പ് ഓഫ് ഗുഡ് ഫിലിംസിന്‍റെ അഭിഭാഷകയുടെയും പ്രിയദര്‍ശന്‍റെയും പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ എത്തിയിരിക്കുകയാണ്.
നിയമപരമായ പ്രത്യാഘാതങ്ങള്‍ പരേഷ് റാവല്‍ നേരിടേണ്ടിവരും. ഹേര ഫേര ഫ്രാഞ്ചൈസിയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ് അദ്ദേഹത്തിന്‍റെ പിന്മാറ്റം. നിയമപരമായ കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ടുള്ള ഒരു കത്ത് ഞങ്ങള്‍ അദ്ദേഹത്തിന് അയച്ചിട്ടുണ്ട്. പല വകയിലായി ഒരു വലിയ തുക ഈ ചിത്രത്തിന്മേല്‍ നിര്‍മ്മാണ കമ്പനി ഇതിനകം ചെലവഴിച്ചിട്ടുണ്ട്. ട്രെയ്‌ലറും ചിത്രത്തിലെ ചില ഭാഗങ്ങളും ഇതിനകം ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസം മുന്‍പാണ് ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പരേഷ്‍ജിയില്‍ നിന്നും ഞങ്ങള്‍ക്ക് അറിയിപ്പ് കിട്ടിയത്. ചിത്രത്തില്‍ ഉള്‍പ്പെട്ട മറ്റ് താരങ്ങളുടെ ഷെഡ്യൂളുകളെയെല്ലാം ബാധിക്കുന്ന വിഷയം കൂടിയാണ് ഇത്. നോട്ടീസില്‍ പ്രതികരിക്കാന്‍ ഒരാഴ്ച സമയം ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ക്ക് പരിഹാരം ആവുമെന്നാണ് പ്രതീക്ഷ, അഭിഭാഷകയായ പൂജ തിഡ്‍കെ പിടിഐയോട് പറഞ്ഞു.
തങ്ങളോട് ഒന്ന് ഫോണ്‍ വിളിച്ച് പോലും പറയാതെ തീരുമാനമെടുത്ത പരേഷ് റാവലിന്‍റെ പ്രവര്‍ത്തി എല്ലാവരെയും ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്ന് പ്രിയദര്‍ശന്‍ മിഡ് ഡേയോട് പറഞ്ഞു. ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. കഴിഞ്ഞയാഴ്ച വരെ അക്ഷയ്‍യും ഒന്നിച്ച് ഞങ്ങള്‍ ഭൂത് ബംഗ്ല എന്ന ചിത്രം ഷൂട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ തീരുമാനം മാധ്യമങ്ങളിലൂടെ അറിഞ്ഞതിന് പിന്നാലെ പരേഷ് റാവല്‍ തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും പ്രിയദര്‍ശന്‍ പറയുന്നു. നിങ്ങളുമായി ഒരു പ്രശ്നവും എനിക്കില്ല. ഏറെ ബഹുമാനവുമുണ്ട്. പക്ഷേ ഈ ചിത്രം ചെയ്യാതിരിക്കാന്‍ എനിക്ക് എന്‍റേതായ കാരണങ്ങള്‍ ഉണ്ട്, എന്നായിരുന്നു അദ്ദേഹത്തിന്‍റെ മെസേജ്.
ഇതേക്കുറിച്ച് എന്നോട് സംസാരിക്കുമ്പോള്‍ അക്ഷയ്‍യുടെ കണ്ണ് നിറഞ്ഞിരുന്നു. പ്രിയന്‍, പരേഷ് എന്തുകൊണ്ടാണ് നമ്മളോട് ഇത് ചെയ്യുന്നത് എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. തന്‍റെ കഥാപാത്രത്തിന്‍റെ ഭാഗങ്ങളില്‍ ചിലത് അക്ഷയ് കുമാര്‍ തിരക്കഥയില്‍ നിന്ന് ഒഴിവാക്കിയതാണ് പരേഷിന്‍റെ പിന്മാറ്റത്തിന് കാരണമെന്ന പ്രചരണത്തോട് പ്രിയദര്‍ശന്‍റെ പ്രതികരണം ഇങ്ങനെ- ഒരിക്കലും അല്ല. എനിക്കൊപ്പം പ്രവര്‍ത്തിച്ച ഒരു ചിത്രത്തിലും അക്ഷയ്‍യില്‍ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരു സംവിധായകന്‍റെ വിഷനില്‍ ഇടപെടാത്ത ആളാണ് അദ്ദേഹം, പ്രിയദര്‍ശന്‍ പറഞ്ഞവസാനിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക