
മലയാള സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി (Mammootty) ചിത്രമാണ് ഭീഷ്മ പർവ്വം (Bheeshma Parvam). പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്(Amal Neerad). സിനിമയുമായ് ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകൾക്ക് പ്രേക്ഷകർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
'പറുദീസ' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. മസുഷിൻ ശ്യാമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി ആലപിച്ച ഗാനത്തിന്റെ വരികൾ വിനായക് ശശികുമാർ ആണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 3ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.
Read Also: 'ഭീഷ്മപർവ്വ'ത്തിലെ മനോഹര മെലഡി, റിലീസിനായി കാത്ത് ആരാധകർ
മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു അവര്‍.
അതേസമയം, എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ5ലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും സ്ക്രീനിലെത്തുന്ന ചിത്രത്തിന്‍റെ രചന എസ് എന്‍ സ്വാമിയുടേത് തന്നെയാണ്. ഭീഷ്‍മ പര്‍വ്വം, പുഴു, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
ട്രെന്‍ഡിംഗ് നമ്പര്‍ 1 ആയി ഭീഷ്‍മ പര്‍വ്വം ടീസര്‍; 15 മണിക്കൂറില്‍ 2.2 മില്യണ്‍ കാഴ്ചകള്‍
മലയാള സിനിമയില്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് അമല്‍ നീരദ് (Amal Neerad)- മമ്മൂട്ടി (Mammootty) കൂട്ടുകെട്ടില്‍ എത്തുന്ന ഭീഷ്‍മ പര്‍വ്വം (Bheeshma Parvam). പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ടീസര്‍ ഇന്നലെ വൈകിട്ടാണ് എത്തിയത്. ഈ ചിത്രത്തിന് സിനിമാപ്രേമികള്‍ക്കിടയിലെ കാത്തിരിപ്പ് എത്രയെന്ന് മനസിലാക്കാന്‍ ടീസറിനു ലഭിക്കുന്ന റിയാക്ഷനുകള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി. യുട്യൂബില്‍ ഇന്നലെ വൈകിട്ട് ആറ് മണിക്ക് റിലീസ് ചെയ്യപ്പെട്ട ടീസര്‍ 15 മണിക്കൂര്‍ കൊണ്ട് നേടിയത് 23 ലക്ഷത്തോളം കാഴ്ചകളാണ്. 2.61 ലക്ഷം ലൈക്കുകളും ഒരു ലക്ഷത്തിലേറെ കമന്‍റുകളും വീഡിയോയ്ക്കു താഴെയുണ്ട്. ഒപ്പം സമീപകാലത്ത് ഏറ്റവുമധികം ടീസര്‍ റിയാക്ഷന്‍ വീഡിയോകള്‍ എത്തിയതും ഈ ടീസറിന് ആയിരുന്നു.