277-ാം ദിവസം വീണ്ടും ക്യാമറയ്ക്കു മുന്നില്‍; ചിത്രീകരണം പുനരാരംഭിച്ച് മമ്മൂട്ടി

By Web TeamFirst Published Dec 6, 2020, 5:15 PM IST
Highlights

അമല്‍ നീരദിന്‍റെ 'ബിലാല്‍' ആണ് മമ്മൂട്ടിക്ക് പുതുതായി തുടങ്ങേണ്ട മറ്റൊരു ചിത്രം. ഇതിന്‍റെ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന ദിവസങ്ങളിലൊന്നിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്

ഒന്‍പത് മാസങ്ങള്‍ നീണ്ട 'ഹോം ക്വാറന്‍റൈനി'നു ശേഷം മമ്മൂട്ടി ആദ്യമായി വീടിനു പുറത്തേക്ക് ഇറങ്ങിയതിന്‍റെ ചിത്രങ്ങളും വീഡിയോയുമൊക്കെ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതിന്‍റെ പിറ്റേന്നുതന്നെ അദ്ദേഹം ക്യാമറയ്ക്കു മുന്നിലെത്തി ചിത്രീകരണവും ആരംഭിച്ചു. എന്നാല്‍ ഇത് സിനിമയായിരുന്നില്ല, മറിച്ച് ഒരു പരസ്യചിത്രത്തിന്‍റെ ഷൂട്ടിംഗ് ആയിരുന്നു. 

സിനിമയുടെ ചിത്രീകരണം മമ്മൂട്ടി ജനുവരി ആദ്യവാരം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആദ്യം ആരംഭിക്കുക ഏത് ചിത്രമാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റി'ലെ തന്‍റെ ഭാഗങ്ങള്‍ ലോക്ക് ഡൗണിനു മുന്‍പുതന്നെ മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു. സന്തോഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'വണ്ണി'ല്‍ അവശേഷിക്കുന്ന ചില ഭാഗങ്ങള്‍ അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുണ്ട്.

ടെയ്‍ല്‍ എന്‍ഡിലേക്ക് വേണ്ട ഭാഗങ്ങളാണ് ചിത്രീകരിക്കാനുള്ളത്. എന്നാല്‍ ഇത് ആള്‍ക്കൂട്ടം വേണ്ട ഭാഗങ്ങളാണെന്നും കൊവിഡ് സ്ഥിതിഗതി വിലയിരുത്തിയിട്ടേ ചിത്രീകരണം തീരുമാനിക്കൂവെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. അമല്‍ നീരദിന്‍റെ 'ബിലാല്‍' ആണ് മമ്മൂട്ടിക്ക് പുതുതായി തുടങ്ങേണ്ട മറ്റൊരു ചിത്രം. ഇതിന്‍റെ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന ദിവസങ്ങളിലൊന്നിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. അതേസമയം കാന്‍വാസിന് വലുപ്പമുള്ള ബിലാല്‍ ഒഴിവാക്കി അമല്‍ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിനുവേണ്ടി ഒരുമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

click me!