
സിനിമയില്‍ ഒരു നല്ല നടന്‍ ആകണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിച്ചിട്ടുള്ളതെന്ന് മമ്മൂട്ടി (Mammootty). എല്ലാക്കാലത്തും നായകനായോ സൂപ്പര്‍സ്റ്റാര്‍ ആയോ നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും മമ്മൂട്ടി പറയുന്നു. വരാനിരിക്കുന്ന ചിത്രം പുഴുവില്‍ (Puzhu) നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മലയാള മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിനാണ് നടന്‍ എന്ന നിലയിലുള്ള തന്‍റെ ആഗ്രഹങ്ങളെക്കുറിച്ച് പറയുന്നത്.
നല്ലൊരു നടന്‍ ആകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. അത് മാത്രമാണ് എന്‍റെ പ്രതിച്ഛായ. നായകന്‍, സൂപ്പര്‍സ്റ്റാര്‍ എന്നതൊക്കെ ഓരോ കാലഘട്ടത്തില്‍ മാറിമറിഞ്ഞ് വന്നുപോകുന്നതാണ്. പക്ഷേ നടന്‍ എന്നും നടന്‍ തന്നെയായിരിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ ഞാന്‍ പറഞ്ഞിട്ടുള്ളതും എനിക്ക് നല്ലൊരു നടന്‍ ആകണമെന്നാണ്. എന്ന് പറഞ്ഞത് ഇപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് മാത്രം, മമ്മൂട്ടി പറഞ്ഞു. ഒരു വനിതാ സംവിധായയ്ക്കൊപ്പം മമ്മൂട്ടി ആദ്യമായി പ്രവര്‍ത്തിച്ച ചിത്രം കൂടിയാണ് പുഴു. സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡൊന്നും താന്‍ ഇതുവരെ വച്ചിട്ടില്ലെന്ന് മമ്മൂട്ടി പറയുന്നു. പുതുമുഖ സംവിധായകര്‍ക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടാവുമെന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ക്കുന്നു.
ALSO READ : 'ഇക്ക ഒരു ത്രൂഔട്ട് നെഗറ്റീവ് റോള്‍ ചെയ്യുമോ'? പുഴു വന്ന വഴിയെക്കുറിച്ച് തിരക്കഥാകൃത്ത്
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന പുഴുവില്‍ പാര്‍വ്വതി തിരുവോത്ത് ആണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയായിട്ടുള്ള ചിത്രത്തിന് കട്ടുകളൊന്നുമില്ലാതെ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സോണി ലിവിന്‍റെ ഡയറക്ട് റിലീസ് ആണ് ചിത്രം. 'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്‍റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്‍മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം.
തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ മമ്മൂട്ടി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്‍റെ ഛായാഗ്രഹണവും തേനി ഈശ്വര്‍ ആയിരുന്നു. സംഗീതം ജേക്സ് ബിജോയ്, കലാസംവിധാനം മനു ജഗത്ത്, എഡിറ്റിംഗ് ദീപു ജോസഫ്, സൗണ്ട് വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി.
അതേസമയം സിബിഐ 5 ആണ് ഇപ്പോള്‍ തിയറ്ററുകളിലുള്ള മമ്മൂട്ടി ചിത്രം. സിബിഐ ഫ്രാഞ്ചൈസിയിലെ അഞ്ചാം ചിത്രം പെരുന്നാള്‍ റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്‍റെ റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍. ഭീഷ്മ പര്‍വ്വ നേടിയ വലിയ വിജയത്തിന്റെ ആഹ്ലാദത്തിലുമാണ് അദ്ദേഹം.