
മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ(Dulquer Salmaan). സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളത്തിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. ദുല്‍ഖറിന്റെ സിനിമകളുടെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ ഷെയര്‍ ചെയ്യുന്നത് വളരെ കുറവാണ്. അതിനാല്‍ത്തന്നെ ദുല്‍ഖറിന്‍റെ കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളുടെ മെറ്റീരിയലുകൾ ഷെയർ ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ സല്യൂട്ടിന്റെ(Salute ) പുതിയൊരു വീഡിയോയും അതിന് താഴെ വന്ന കമന്റുകളുമാണ് വൈറലാകുന്നത്.
സല്യൂട്ടിന്റെ വീഡിയോ മമ്മൂട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്തതോടെ ദുല്‍ഖര്‍ വീണ്ടും ഫോണ്‍ അടിച്ചുമാറ്റിയോ എന്നാണ് കമന്റുകള്‍. 'ഫോണ്‍ വീണ്ടും അടിച്ചു മാറ്റിയല്ലേ, ഫോണ്‍ ഇനി വല്ല അരിചാക്കിലോ തലയിണയുടെ അടിയിലോ വെക്കണം ഇക്കാ, ഇക്ക എത്രയും പെട്ടന്ന് ഫോണിന്റെ പാസ്‌വേഡ് മാറ്റിക്കോ', എന്നിങ്ങനെയാണ് കമന്റുകൾ.
അടുത്തിടെ ദുല്‍ഖര്‍ നേരത്തെ ഫോണ്‍ എടുത്തതിനെ പറ്റി മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു. ‘ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്ന് ചോദിച്ചിട്ട് എടുത്തുകൊണ്ട് പോയതാണ്. സത്യം, ശരിയാണ്. പിന്നെ നമ്മള്‍ അത് വിളിച്ച് കൂവരുതല്ലോ. ഏകദേശം അങ്ങനെ തന്നെയായിരുന്നു,’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
അതേസമയം, ചിത്രം ഒടിടി റിലീസായി മാർച്ച് 18 പ്രേക്ഷകർക്ക് മുന്നിലെത്തും. സോണി ലിവിലാണ് റിലീസ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'സല്യൂട്ട്' അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. അസ്ലം കെ പുരയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക.
ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. വേഫറെർ ഫിലിംസിന്റെ ബാനറിൽ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. ഒരു കൊലപാതക കേസ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രം അന്വേഷിക്കുകയാണ്. തെളിയാതിരുന്ന കൊലപാതക കേസ് എസ്ഐ അരവിന്ദ് കരുണാകരന്‍ എങ്ങനെ അന്വേഷിക്കുന്നുവെന്നതാണ് ചിത്രത്തില്‍ പറയുന്നത്.
Read More : ഇടവേള ബാബു വിവാഹം കഴിക്കാത്തത് സ്ത്രീകൾക്ക് വേണ്ടിയെന്ന് മേനക; അംഗീകാരമെന്ന് നടൻ
'ഹേ സിനാമിക' എന്ന ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് 'ഹേ സിനാമിക'. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. റൊമാന്റിക് കോമഡി ചിത്രമായി എത്തിയ ഹേ സിനാമികയ്‍ക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. കുറുപ്പാണ് മലയാളത്തില്‍ ദുല്‍ഖറിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറെ പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം കൂടിയാണിത്.