'കടയ്ക്കല്‍ ചന്ദ്രന്' ക്ലീന്‍-യു സര്‍ട്ടിഫിക്കറ്റ്; 'വണ്‍' സെന്‍സറിംഗ് പൂര്‍ത്തിയായി

By Web TeamFirst Published Mar 20, 2021, 1:51 PM IST
Highlights

ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് സന്തോഷ് വിശ്വനാഥ് ആണ്.

മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ റോളിലെത്തുന്ന 'വണ്‍' എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. കട്ടുകളൊന്നും കൂടാതെതന്നെ 'യു' സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ തിയറ്ററുകളിലേക്ക് എത്തുമെന്ന് കരുതപ്പെടുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തോളം റിലീസ് നീണ്ടുപോയ ചിത്രമാണ് വണ്‍. ഭൂരിഭാഗം ചിത്രീകരണവും കൊവിഡിനു മുന്‍പ് പൂര്‍ത്തിയായിരുന്ന ചിത്രത്തിന് ചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് സന്തോഷ് വിശ്വനാഥ് ആണ്. 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്‍പൂഫ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സന്തോഷ്. ബോബി-സഞ്ജയ്‍യുടെ തിരക്കഥയില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'വണ്ണി'ന് ഉണ്ട്.

'കടയ്ക്കല്‍ ചന്ദ്രന്‍' എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന മുഖ്യമന്ത്രി കഥാപാത്രത്തിന്‍റെ പേര്. മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയ വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

click me!