ഈ വ്യാഴാഴ്ചയും എത്തില്ല; മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' വീണ്ടും റിലീസ് മാറ്റി

By Web TeamFirst Published Mar 2, 2021, 7:13 PM IST
Highlights

മമ്മൂട്ടിക്കൊപ്പം ആദ്യമായി മഞ്ജു വാര്യര്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു ദി പ്രീസ്റ്റ്. കൊവിഡിനു മുന്‍പ് 80 ശതമാനവും ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്ന ചിത്രം ഫെബ്രുവരി നാലിന് റിലീസ് ചെയ്യാനായിരുന്നു ആദ്യത്തെ പദ്ധതി

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‍ത 'ദി പ്രീസ്റ്റ്' വീണ്ടും റിലീസ് മാറ്റി. ഈ വ്യാഴാഴ്ചയാണ് (4) നിര്‍മ്മാതാവ് നേരത്തെ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി. എന്നാല്‍ പല വിദേശ രാജ്യങ്ങളിലെയും തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാലും കേരളത്തിലെ തിയറ്ററുകളില്‍ ദിവസേന നാല് പ്രദര്‍ശനങ്ങള്‍ നടത്താന്‍ ആവാത്തതിനാലും റിലീസ് മാറ്റിവെക്കുകയാണെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. സെക്കന്‍ഡ് ഷോ അനുവദിക്കാതെ കേരളത്തിലും ചിത്രം റിലീസ് ചെയ്യാനാവില്ലെന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് റിലീസ് മാറ്റിയിരിക്കുന്നതായ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം ആദ്യമായി മഞ്ജു വാര്യര്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു ദി പ്രീസ്റ്റ്. കൊവിഡിനു മുന്‍പ് 80 ശതമാനവും ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്ന ചിത്രം ഫെബ്രുവരി നാലിന് റിലീസ് ചെയ്യാനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാല്‍ സെക്കന്‍ഡ് ഷോ അനുവദിക്കാതെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് വേണ്ടെന്ന നിര്‍മ്മാതാക്കളുടെ തീരുമാനം വന്നതോടെ ചിത്രം ഈ മാസം 4ലേക്ക് മാറ്റുകയായിരുന്നു. ഈ മാസാദ്യം സെക്കന്‍ഡ് ഷോ അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അണിയറക്കാര്‍. അതുണ്ടാവാത്ത സാഹചര്യത്തിലാണ് റിലീസ് വീണ്ടും നീട്ടിയിരിക്കുന്നത്. സാഹചര്യം മാറുന്നതനുസരിച്ചേ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കൂ.

സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു

click me!