'ഒരു വടക്കന്‍ വീരഗാഥ' നൂറ് തവണ കണ്ട ആരാധകന്‍; 'മമ്മൂട്ടി സുബ്രന്‍' അന്തരിച്ചു

By Web TeamFirst Published Sep 12, 2021, 3:05 PM IST
Highlights

സുബ്രന്‍റെ നിര്യാണത്തില്‍ മമ്മൂട്ടിയും തന്‍റെ പ്രിയ ആരാധകനെ ഓര്‍ത്തെടുത്തു

മമ്മൂട്ടിയോടുള്ള കടുത്ത ആരാധന കൊണ്ട് നാട്ടുകാര്‍ പേരിനൊപ്പം മമ്മൂട്ടി എന്ന് ചേര്‍ത്തുവിളിച്ച സുബ്രന്‍ അന്തരിച്ചു. 'മമ്മൂട്ടി സുബ്രന്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്നലെ രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൃശൂര്‍ പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറയിലായിരുന്നു താമസം. അവിടെ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രവും വച്ച് നിത്യേന വിളക്ക് കൊളുത്തിയിരുന്നു. 

സുബ്രന്‍റെ നിര്യാണത്തില്‍ മമ്മൂട്ടിയും തന്‍റെ പ്രിയ ആരാധകനെ ഓര്‍ത്തെടുത്തു- "വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര്‌  “മമ്മുട്ടി സുബ്രൻ” എന്നാക്കിയ സുബ്രന്‍റെ വിയോഗം ഒരു വ്യഥ  ആവുന്നു, ആദരാഞ്ജലികൾ", സുബ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മമ്മൂട്ടിയോടുള്ള ഇഷ്‍ടത്താല്‍ 'ഒരു വടക്കന്‍ വീരഗാഥ' നൂറോളം തവണ കണ്ടയാളായിരുന്നു സുബ്രന്‍. മമ്മൂട്ടിയുടെ മറ്റു പ്രിയ ചിത്രങ്ങളായ അമരവും മൃഗയയുമൊക്കെ എത്ര തവണയാണ് കണ്ടതെന്ന് ഓര്‍മ്മയില്ലെന്നും അദ്ദേഹം പറയുമായിരുന്നു. നിത്യവൃത്തിക്ക് ചുമട്ടുതൊഴിലാളിയായപ്പോഴും സുബ്രന് ഒരു സ്വപ്‍നമുണ്ടായിരുന്നു. മമ്മൂട്ടിയെ നായകനാക്കി സിനിമ നിര്‍മ്മിക്കണം എന്നതായിരുന്നു അത്. ഇതിനായുള്ള പണം കണ്ടെത്താനായി ലോട്ടറിയെടുപ്പ് സ്ഥിരമാക്കി. ലക്ഷങ്ങളാണ് ഇത്തരത്തില്‍ ലോട്ടറി ടിക്കറ്റ് എടുക്കാനായി ചിലവാക്കിയിരുന്നത്. ഒരിക്കല്‍ ഒന്നാം സമ്മാനം അടിച്ചപ്പോള്‍ ആഗ്രഹസാധ്യത്തിനായി പരിശ്രമിച്ചെങ്കിലും ചിത്രം പാതിവഴിയില്‍ നിന്നുപോയി. 

മമ്മൂട്ടിയെ കാണാനായി അദ്ദേഹം അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനുകളിലും വീട്ടിലും പോകുന്നത് പതിവായിരുന്നു. മദ്യപാനശീലം കൂടിയപ്പോള്‍ മമ്മൂട്ടി വഴക്ക് പറഞ്ഞ കാര്യം സുബ്രന്‍ സുഹൃത്തുക്കളോട് പറയുമായിരുന്നു. പില്‍ക്കാലത്ത് ഫോണ്‍ വഴിയായിരുന്നു മമ്മൂട്ടിയുമായുള്ള പരിചയം തുടര്‍ന്നിരുന്നത്. ദുല്‍ഖറിന്‍റെ വിവാഹത്തിന് മമ്മൂട്ടി ക്ഷണിച്ചിരുന്നെങ്കിലും പോകാനാവാത്ത വിഷയം അടുത്ത സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!